ശൈഖ് ഖാലിദ് ബിൻ അലി അൽ ഖലീഫയും യു.എ.ഇ
ബഹിരാകാശ സഞ്ചാരി ഡോ. സുൽത്താൻ അൽ നിയാദിയും
മനാമ: ബഹിരാകാശ മേഖലയിൽ യു.എ.ഇയുമൊത്ത് സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ബഹ്റൈൻ. ബഹ്റൈൻ ബഹിരാകാശ ഏജൻസി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫ യു.എ.ഇ കായിക മന്ത്രിയും യു.എ.ഇ ബഹിരാകാശ ഏജൻസി ചെയർമാനുമായ ഡോ. അഹമ്മദ് ബെൽഹൂൽ അൽ ഫലാസിയുമായി കൂടിക്കാഴ്ച നടത്തി. ദുബൈ എയർഷോ 2025നോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ബഹിരാകാശ സഹകരണ ശ്രമങ്ങൾ കൂടുതൽ വിപുലീകരിക്കുന്നത് കൂടിക്കാഴ്ചയിൽ ചർച്ചയായി. ഉപഗ്രഹങ്ങളുടെ രൂപകൽപന, നിർമാണം, പ്രവർത്തനം എന്നിവയിലെ സംയുക്ത ശ്രമങ്ങൾ എന്നിവയാണ് സഹകരണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ.
കൂടാതെ ബഹിരാകാശ ഗവേഷണ വികസന പദ്ധതികൾ, ദേശീയ പ്രതിഭകളെ പരിശീലിപ്പിക്കുന്നതിലെ വൈദഗ്ധ്യ കൈമാറ്റം എന്നിവയിലും ശ്രദ്ധകേന്ദ്രീകരിക്കും. കൂടിക്കാഴ്ചക്കുശേഷം ശൈഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം സന്ദർശിച്ചു. അവിടെ വെച്ച് യു.എ.ഇ ബഹിരാകാശ സഞ്ചാരിയും യുവജനകാര്യ സഹമന്ത്രിയുമായ ഡോ. സുൽത്താൻ അൽ നിയാദിയുമായും മറ്റ് എമിറാത്തി ബഹിരാകാശ സഞ്ചാരികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.