മനാമ: സൗദി അറേബ്യയുടെ 95ാമത് ദേശീയ ദിനാഘോഷം പ്രൗഢമായി ആഘോഷിക്കാനൊരുങ്ങി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ). സെപ്റ്റംബർ 23ന് സൗദിയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബി.ടി.ഇ.എ 'മനവ്വറ ബുഷൂഫത്കോം' എന്ന പേരിൽ ടൂറിസം ആഘോഷ പരിപാടി സംഘടിപ്പിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള ബഹ്റൈൻ-സൗദി ബന്ധം പങ്കിട്ട ചരിത്രത്തിലും ഉറച്ച ബന്ധങ്ങളിലും വേരൂന്നിയതാണെന്നും ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി സഹകരണം വിശാലമാക്കാനും സംയോജനം ശക്തിപ്പെടുത്താനും ശ്രമിക്കുന്ന ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളുണ്ടെന്നും അത് പ്രതിഫലിപ്പിക്കുന്നതാണ് ഈ പരിപാടിയെന്നും ബി.ടി.ഇ.എയുടെ സി.ഇ.ഒ സാറ അഹമ്മദ് ബുഹേജി പറഞ്ഞു.
കുടുംബ ആസ്വാദകരെ ലക്ഷ്യമിട്ട് സാംസ്കാരിക, വിനോദ, കലാ പ്രകടനങ്ങളുടെ വൈവിധ്യമാർന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. വിനോദ പരിപാടികളുടെ പട്ടികയിൽ പ്രാദേശിക, അന്താരാഷ്ട്ര താരങ്ങൾ അണിനിരക്കും. ഈജിപ്ഷ്യൻ പോപ് ഗായകൻ താമർ ഹോസ്നി സെപ്റ്റംബർ 19ന് ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ പരിപാടി അവതരിപ്പിക്കും. ലെബനീസ് ഹാസ്യനടൻ ജോൺ അഷ്കർ സെപ്റ്റംബർ 18ന് ഷെറാട്ടൺ ഹോട്ടലിൽ വേദിയിലെത്തും. സെപ്റ്റംബർ 25ന്, അമേരിക്കൻ ഹാസ്യനടൻ ബിൽ ബർ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ പരിപാടി അവതരിപ്പിക്കും. പ്രാദേശിക കലാകാരനായ സാദ് അൽ ഊദ് സെപ്റ്റംബർ 25, 26 തീയതികളിൽ കൾചറൽ ഹാളിൽ രണ്ട് സംഗീതനിശ നടത്തും. സിറ്റി സെന്റർ ബഹ്റൈൻ, ദി അവന്യൂസ്, മറാസി ഗാലേറിയ എന്നിവയുൾപ്പെടെയുള്ള ഷോപ്പിങ് മാളുകളിൽ സെപ്റ്റംബർ 23 മുതൽ 27 വരെ പരമ്പരാഗത ഷോകളും നാടോടി കലാപ്രകടനങ്ങളും നടത്തും.
ഡ്രാഗൺ സിറ്റിയിലെ സാംസ്കാരിക, പൈതൃക പ്രവർത്തനങ്ങൾ, അൽ ജസ ഹാൻഡിക്രാഫ്റ്റ്സ് സെന്ററിലെയും ബാനി ജംറ ടെക്സ്റ്റൈൽ ഫാക്ടറിയിലെയും കരകൗശല ശിൽപശാലകൾ, ബഹ്റൈൻ നാഷനൽ മ്യൂസിയത്തിലും പേളിങ് പാത്തിലും വ്യത്യസ്ത പരിപാടികൾ എന്നിവയുമുണ്ടാകും.സന്ദർശനാനുഭവം സമ്പന്നമാക്കാനും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുമായി ഹോട്ടലുകളുമായും റിസോർട്ടുകളുമായും സഹകരിച്ച് 40 പ്രത്യേക ടൂറിസം പാക്കേജുകളും ബി.ടി.ഇ.എ ആരംഭിച്ചിട്ടുണ്ട്. താമസ സൗകര്യങ്ങൾ, പ്രത്യേക ഡൈനിങ് ഓഫറുകൾ, ബോട്ട് ടൂറുകൾ, ഡൈവിങ്, പേൾ ഡൈവിങ് യാത്രകൾ, പ്രധാന പൈതൃക-ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരിപാടിയെക്കുറിച്ചും ബഹ്റൈനിലെ വർഷം മുഴുവനുമുള്ള മറ്റു പരിപാടികളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ www.bahrain.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.