മനാമ: പൊതു ഇടങ്ങളിൽ മാന്യമായ വസ്ത്രം, പെരുമാറ്റം എന്നിവ ഉറപ്പാക്കാനും സാമൂഹിക മൂല്യങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പുതിയ നിയമനിർമാണത്തിനൊരുങ്ങി ബഹ്റൈൻ. ഇതിനായുള്ള കരട് നിർദേശം പാർലമെന്റിൽ അവതരിപ്പിച്ച് എം.പി. ഹനാൻ ഫർദാൻ.
‘പൊതു മര്യാദ സംരക്ഷണ നിയമം’ എന്ന് പേരിട്ടിരിക്കുന്ന കരട് നിയമം ലംഘിക്കുന്നവർക്ക് 100 ബഹ്റൈൻ ദീനാർ മുതൽ പിഴ ചുമത്തുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളും നിർദേശത്തിൽ ഉൾക്കൊള്ളുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അധികാരികളായിരിക്കും നിയമം നടപ്പാക്കുക. ബഹ്റൈനിലെ സാംസ്കാരിക മൂല്യങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുക. അശ്ലീലമായതോ, അധിക്ഷേപകരമായ ചിത്രങ്ങളോ, ചിഹ്നങ്ങളോ, വാക്യങ്ങളോ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക എന്നിവ പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട പ്രധാന കാര്യങ്ങളായി നിർദേശത്തിൽ സൂചിപ്പിച്ചിട്ടുള്ളത്.
കൂടാതെ അനധികൃതമായി ചുവരെഴുത്തുകൾ നടത്തി പൊതുമുതൽ നശിപ്പിക്കുക, മറ്റുള്ളവർക്ക് ശല്യമോ ദോഷമോ ഭീതിയോ അപകടമോ ഉണ്ടാക്കുന്ന തരത്തിലുള്ള വാക്കുകളിൽനിന്നോ പ്രവൃത്തികളിൽനിന്നോ വിട്ടുനിൽക്കുക എന്നിവയും നിർദേശത്തിലുണ്ട്.
പൊതു ഇടങ്ങളിൽ അനുചിതമെന്ന് കരുതുന്ന പെരുമാറ്റങ്ങളെ കണ്ടെത്തുകയും ലംഘനങ്ങൾക്കുള്ള ശിക്ഷകൾ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നതിലൂടെ നിലവിലെ നിയമത്തിലെ വിടവ് നികത്താനാണ് ഈ നിയമം ശ്രമിക്കുന്നത്.
ഈ നിയമം അനുസരിച്ച്, വിപണികൾ, ഷോപ്പിങ് സെന്ററുകൾ, ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, കഫേകൾ, സിനിമ ശാലകൾ, കായിക വേദികൾ, പൊതുഗതാഗതം, ബീച്ചുകൾ, പാർക്കുകൾ എന്നിവയുൾപ്പെടെ പൊതുജനങ്ങൾക്ക് പ്രവേശനം സാധ്യമാകുന്ന എല്ലാ സ്ഥലങ്ങളിലും ഇത് ബാധകമാകും. ഈ നിർദേശം വെറും ബാഹ്യമായ കാര്യങ്ങൾക്കുവേണ്ടിയുള്ളതല്ല; മറിച്ച്, നമ്മുടെ സമൂഹത്തിന്റെ സാംസ്കാരിക സ്വത്വവും മൂല്യങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് എം.പി ഫർദാൻ പറഞ്ഞു. രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ഇത് ബാധകമാണെന്നും, ബഹ്റൈൻ അതിന്റെ പാരമ്പര്യങ്ങളെ മാനിക്കുന്ന പെരുമാറ്റത്തിന്റെ ഒരു മിനിമം സ്റ്റാൻഡേർഡ് പ്രതീക്ഷിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പാർലമെന്റ് സ്പീക്കർ അഹ്മദ് അൽ മുസല്ലം ഈ കരട് നിയമം ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റിക്ക് കൈമാറും. നിയമം പാസായാൽ, ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.