യു.എൻ സുരക്ഷാ കൗൺസിലിൽ സംസാരിക്കുന്ന യു.എന്നിലെ ബഹ്റൈൻ സ്ഥിരം പ്രതിനിധി ജമാൽ ഫാരെസ് അൽ റുവൈഇ
മനാമ: ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തെ യു.എൻ സുരക്ഷാ കൗൺസിലിൽ ശക്തമായി അപലപിച്ച് ബഹ്റൈൻ. ന്യൂയോർക്കിൽ ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് ബഹ്റൈൻ നിലപാട് അറിയിച്ചത്.ഇറാൻ നടത്തിയ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് യു.എന്നിലെ ബഹ്റൈൻ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരെസ് അൽ റുവൈഇ പറഞ്ഞു. ‘അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം’ എന്ന വിഷയത്തിൽ നടന്ന തുറന്ന സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സംവാദങ്ങളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി വാദിക്കുന്ന ബഹ്റൈന്റെ ശക്തമായ നിലപാട് അൽ റുവൈഇ എടുത്തു പറഞ്ഞു. സമാധാനപരമായ പരിഹാരങ്ങളുടെ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു. സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്ക് ബഹ്റൈന്റെ പൂർണ പിന്തുണയും അദ്ദേഹം ആവർത്തിച്ചു. ഗസ്സ മുനമ്പിൽ വെടിനിർത്തൽ ഉറപ്പാക്കുന്നതിനും, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുന്നതിനും, മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കുന്നതിനും, പുനർനിർമാണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുമുള്ള ബഹ്റൈന്റെ ശ്രമങ്ങളെയും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.