മനാമ: 2030 ഓടെ 50,000 പേരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എ.ഐ) പ്രാവീണ്യം നൽകി ഒരു തൊഴിൽസേനയെ വാർത്തെടുക്കാനൊരുങ്ങി ബഹ്റൈൻ. എ.ഐ ആണ് ലോകത്തിന്റെ ഭാവി എന്ന് തിരിച്ചറിഞ്ഞ ബഹ്റൈൻ ഈ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനുള്ള ദൗത്യത്തിലാണ്.
ലേബർ ഫണ്ട് തംകീൻ ആണ് ഈ മഹായജ്ഞത്തിന് നേതൃത്വം നൽകുന്നത്. സാമ്പത്തിക വികസന ബോർഡ് രൂപരേഖ നൽകിയ സർക്കാർ പിന്തുണയുള്ള ദൗത്യമാണിത്. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി ഇതിനോടകം തന്നെ ദേശീയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയവും ഒരു എ.ഐ എത്തിക്സ് ഗൈഡും പുറത്തിറക്കിയിട്ടുണ്ട്.
ജി.സി.സിയിലെ മറ്റ് അയൽരാജ്യങ്ങൾക്കും ഇതൊരു റഫറൻസ് പോയന്റായി മാറിക്കഴിഞ്ഞു. ഉൽപാദനക്ഷമത വർധിപ്പിക്കാനും ഉയർന്ന നിലവാരമുള്ള ജോലികൾ സൃഷ്ടിക്കാനുമായി, എ.ഐയെ ഉൽപാദന ലൈനുകളിലേക്കും സേവനങ്ങളിലേക്കും സമന്വയിപ്പിക്കാൻ ബഹ്റൈന്റെ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതി ഊന്നൽ നൽകുന്നു. ഡിജിറ്റൽ ഇക്കണോമി സ്ട്രാറ്റജി, ഫിനാൻഷ്യൽ സർവിസസ് ഡെവലപ്മെന്റ് സ്ട്രാറ്റജി, ഇൻഡസ്ട്രിയൽ സെക്ടർ സ്ട്രാറ്റജി എന്നീ മൂന്ന് തന്ത്രങ്ങളിലൂടെയാണ് ഈ മാറ്റം രാജ്യം നയിക്കുന്നത്.
ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയം ഇതിനകംതന്നെ പ്രകടനം ട്രാക്ക് ചെയ്യാനും വളർച്ചാപ്രവചനങ്ങൾ നടത്താനും എ.ഐ ഉപയോഗിച്ചുള്ള സാമ്പത്തിക മോഡലിങ് ഉപയോഗിക്കുന്നുണ്ട്. ബഹ്റൈൻ പോളിടെക്നിക്കിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അക്കാദമി, പൗരന്മാരെ ഡിജിറ്റൽ ഇന്നൊവേഷനായി സജ്ജമാക്കി വരുന്നു.
ഖാലിദ് ബിൻ ഹമദ് ഇന്നൊവേഷൻ കോമ്പറ്റീഷൻ, ഹാക്ക്ഫെസ്റ്റ് തുടങ്ങിയ പരിപാടികളിലൂടെയും യുവാക്കൾക്ക് എ.ഐ പരിചയപ്പെടുത്തുന്നുണ്ട്.
ഒരു സമർപ്പിത ദേശീയ എ.ഐ തന്ത്രം, ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 കൈവരിക്കുന്നതിനും രാജ്യത്തിന്റെ മത്സരശേഷി വർധിപ്പിക്കുന്നതിനും നിർണായകമായ ചുവടുവെപ്പായിരിക്കുമെന്നാണ് നാസർ സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അഭിപ്രായപ്പെടുന്നത്. വ്യവസായം, ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലുടനീളം എ.ഐ വലിയ മുന്നേറ്റങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും സെന്റർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.