രണ്ടാമത് അറബ്-ഇന്ത്യ സഹകരണ ഫോറത്തിൽ പങ്കെടുക്കാനെത്തിയ ബഹ്റൈൻ
പ്രതിനിധി സംഘം
മനാമ: ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ന്യൂഡൽഹിയിൽ നടന്ന രണ്ടാമത് അറബ്-ഇന്ത്യ സഹകരണ ഫോറത്തിൽ ബഹ്റൈൻ സജീവ സാന്നിധ്യമായി. ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സും ഇന്ത്യയും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്.
അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, രാഷ്ട്രീയ, ഊർജ, സാങ്കേതിക മേഖലകളിലെ സഹകരണം കൂടുതൽ ദൃഢമാക്കാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അംബാസഡർ ശൈഖ് അബ്ദുല്ല ബിൻ അലി ആൽ ഖലീഫ വ്യക്തമാക്കി. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധം എല്ലാ തലങ്ങളിലും വളരുകയാണെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. കൂടാതെ നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സംയുക്ത സംരംഭങ്ങൾ ആരംഭിക്കുന്നത് ഇരുപക്ഷത്തിന്റെയും സുസ്ഥിര വികസനത്തിന് സഹായിക്കും. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെക്കാനും ഏകോപനത്തിനുമുള്ള പ്രധാന വേദിയാണ് ഈ ഫോറമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത രാജ്യങ്ങളിലെ പ്രതിനിധി സംഘത്തലവന്മാരെ സ്വീകരിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ അറബ്-ആഫ്രിക്കൻ കാര്യ വിഭാഗം മേധാവി അംബാസഡർ അഹമ്മദ് അൽ താരിഫിയും ബഹ്റൈൻ സംഘത്തിലുണ്ടായിരുന്നു. പരസ്പര താൽപര്യമുള്ള വിഷയങ്ങളിൽ ഇന്ത്യയുമായുള്ള പങ്കാളിത്തം വരും വർഷങ്ങളിൽ കൂടുതൽ വിപുലമാക്കാനാണ് ബഹ്റൈൻ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.