മനാമ: ഉപയോഗശേഷം തിരികെ നൽകുന്ന ഗ്ലാസ് കുപ്പികൾക്ക് പണം നൽകുന്ന സംവിധാനം ബഹ്‌റൈനിൽ വീണ്ടും കൊണ്ടുവരാൻ പാർലമെന്റിൽ പ്രമേയം. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നിർത്തലാക്കിയ ഈ രീതി, പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് വീണ്ടും നടപ്പാക്കാനാണ് നീക്കം. സ്‌ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡന്റും പാർലമെന്റ് സാമ്പത്തികകാര്യ സമിതി ചെയർമാനുമായ എം.പി അഹ്‌മദ് അൽ സല്ലൂം ആണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. പ്ലാസ്റ്റിക്, ലോഹം, കാർട്ടൺ എന്നിവയ്ക്ക് പുറമെ ഗ്ലാസ് കുപ്പികളിലും പാനീയങ്ങൾ ലഭ്യമാക്കാൻ കമ്പനികളെ നിർബന്ധിക്കുന്നതാണ് ഈ പദ്ധതി. തിരികെ നൽകുന്ന ഒഴിഞ്ഞ ഗ്ലാസ് കുപ്പികൾക്ക് ഉപഭോക്താക്കൾക്ക് പണം ലഭിക്കും.
ഇത് പുനരുപയോഗം പ്രോത്സാഹിപ്പിക്കാനും ഹഫീറയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിലെ മാലിന്യം കുറയ്ക്കാനും സഹായിക്കും. 1980-കളിലും 90-കളിലും ബഹ്‌റൈനിൽ ഈ സംവിധാനം നിലവിലുണ്ടായിരുന്നു. അന്ന്, ഗ്ലാസ് കുപ്പികൾക്ക് ചെറിയ തുക തിരികെ ലഭിക്കുന്നത് സാധാരണമായിരുന്നു. എന്നാൽ, 90-കളുടെ മധ്യത്തിൽ ഒരു കാരണവും വ്യക്തമാക്കാതെ ഇത് നിർത്തലാക്കി. വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കുന്ന ഒരു പദ്ധതിയാണിതെന്ന് അൽ സല്ലൂം പറഞ്ഞു.
ഹഫീറയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ടൺ കണക്കിന് മാലിന്യം ദിവസവും തള്ളുന്നത് തടയാൻ രാജ്യത്തിന് ആവശ്യമായ പ്രായോഗിക പരിഹാരങ്ങളിൽ ഒന്നാണിത്. 2027ഓടെ ഇത് നിയമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് വൈസ് ചെയർപേഴ്സൺ ഖുലൂദ് അൽ ഖത്താൻ ഈ നിർദേശത്തിന് പിന്തുണ പ്രഖ്യാപിച്ചു. പുനരുപയോഗം പരിസ്ഥിതി സംരക്ഷണം മാത്രമല്ല, സമൂഹത്തിൽ ഉത്തരവാദിത്തബോധം വളർത്താനും സഹായിക്കുമെന്ന് അവർ പറഞ്ഞു. പ്ലാസ്റ്റിക്കിൽ നിന്ന് വ്യത്യസ്തമായി, ഗ്ലാസ് അതിന്റെ ഗുണനിലവാരം നഷ്ടപ്പെടാതെ എത്ര തവണ വേണമെങ്കിലും പുനരുപയോഗിക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.