മനാമ: രാജ്യത്തെ റോഡുകളിൽ പുതിയ കാമറകളും റഡാറുകളും സ്ഥാപിക്കുന്നതിനു മുമ്പ് നിലവിലെ വേഗപരിധികൾ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ബഹ്റൈനിലെ മുനിസിപ്പൽ കൗൺസിൽ നേതാക്കൾ രംഗത്ത്. മികച്ച ഫീച്ചറുകളുള്ള ആധുനിക വാഹനങ്ങളും മെച്ചപ്പെട്ട റോഡുകളും ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ വേഗം കൂടാൻ സാധ്യതയുണ്ടെന്നും, അതുകൊണ്ട് പതിറ്റാണ്ടുകൾ പഴക്കമുള്ള വേഗപരിധി നിയമങ്ങൾ വാഹനയാത്രികരിൽ നിരാശയുണ്ടാക്കുമെന്നും അവർ വാദിക്കുന്നു.
നിലവിലുള്ള പല വേഗപരിധികളും കാലഹരണപ്പെട്ടതാണെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകൾക്കു മുമ്പ് നിശ്ചയിച്ച വേഗപരിധികൾ കാറുകളിലെ സുരക്ഷാ സംവിധാനങ്ങൾ, റോഡ് രൂപകൽപന, ട്രാഫിക് പ്രവാഹം എന്നിവയിലെ പുരോഗതിക്ക് അനുസരിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വേഗപരിധികൾ ഡ്രൈവർമാരിൽ നിരാശയുണ്ടാക്കുകയും, ഇത് അപകടകരമായ ഡ്രൈവിങ്ങിലേക്ക് നയിക്കുകയും ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അസ്വാഭാവികമായ വേഗപരിധികൾ പാലിക്കാൻ ആളുകൾ വിസമ്മതിക്കുന്നതും ട്രാഫിക് നിയമങ്ങളോടുള്ള ബഹുമാനം കുറയുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെക്കൻ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫും ഈ ആവശ്യം ആവർത്തിച്ചു. 120 കിലോമീറ്റർ വേഗം സുരക്ഷിതമായി താങ്ങാൻ കഴിയുന്ന റോഡുകളിൽ പോലും ഇപ്പോഴും 80 കിലോമീറ്റർ വേഗപരിധിയാണെന്നും കാമറകൾ സ്ഥാപിക്കുന്നത് വരുമാനം വർധിപ്പിക്കാനുള്ള നീക്കമായി മാത്രം പൊതുജനം വിലയിരുത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനാമ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തറാദയും വിഷയത്തിൽ അനുകൂല നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.
ആഗസ്റ്റിൽ പ്രഖ്യാപിച്ച പുതിയ ട്രാഫിക് നിയമഭേദഗതികൾക്ക് പിന്നാലെയാണ് ഈ ചർച്ചകൾ സജീവമാകുന്നത്. കൂടുതൽ കർശനമായ ശിക്ഷകൾക്ക് വ്യവസ്ഥ ചെയ്യുന്ന ഈ നിയമങ്ങൾക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അംഗീകാരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.