മനാമ: ബഹ്റൈനിൽ കാണപ്പെട്ട ഓട്ടോറിക്ഷക്ക് സമാനമായ വാഹനം ‘ടുക് ടുക്’ നിരോധിക്കണമെന്ന ആവശ്യവുമായി എം.പിമാർ. എം.പിയും സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവുമായ ഖാലിദ് ബു അനക്, അഹ്മദ് അൽ സല്ലൂം, ഹിഷാം അൽ അവാദി എന്നിവരാണ് നിർദേശം പാർലമെന്റിന് സമർപ്പിച്ചത്.
ദിയാർ അൽ മുഹറഖിൽ ഹൈവേയിൽ കഴിഞ്ഞ ദിവസം കാണപ്പെട്ട ഓട്ടോറിക്ഷക്ക് സമാനമായ വാഹനം ഉപയോഗിച്ചതിനെതിരെ ആശങ്കയറിയിച്ച് നേരത്തേ ജനപ്രിതിനിധികളും ജനങ്ങളും രംഗത്തെത്തിയിരുന്നു. ഇത്തരം വാഹനങ്ങൾ റോഡിൽ ഉപയോഗിക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നായിരുന്നു അവരുടെ വാദം.
നിർദേശത്തോടൊപ്പമുള്ള വിശദീകരണ മെമ്മോറാണ്ടത്തിൽ ഇത്തരം വാഹനങ്ങൾ പൊതുജന സുരക്ഷക്ക് നേരിട്ടുള്ള ഭീഷണി ഉയർത്തുന്നുവെന്ന് എം.പിമാർ അറിയിച്ചു. സീറ്റ് ബെൽറ്റ്, ഘടന, മതിയായ ലൈറ്റിങ്, ഇൻഡിക്കേറ്റർ തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ ഈ വാഹനത്തിനില്ല.
ബഹ്റൈനിലുടനീളമുള്ള ലൈസൻസില്ലാത്ത ഇത്തരം വാഹനങ്ങളെ കണ്ടെത്തുന്നതിനായും നടപടി സ്വീകരിക്കുന്നതിനായും ഫീൽഡ് കാമ്പയിനുകൾ നടത്താൻ ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആവർത്തിച്ചുള്ള നിയമ ലംഘനങ്ങൾക്കും അപകടത്തിൽ പ്പെടുമ്പോഴോ പിഴ ചുമത്തുക, വാഹനങ്ങൾ പിടിച്ചെടുക്കുക തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
ഈ വാഹനത്തിന് ലൈസൻസോ അടിസ്ഥാന സുരക്ഷാ സവിശേഷതകളോയില്ല. എന്നാലും ഹൈവേകളിലും താമസ ഏരിയകളിലെ റോഡുകളിലും ഇത് ഉപയോഗിച്ചു വരുന്നുവെന്നും ബു അനക് പറഞ്ഞു. പല രാജ്യത്തും ഹ്രസ്വദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങൾ ബഹ്റൈനിൽ ഉപയോഗിക്കാൻ അനുവാദമില്ല.
ഇതിന്റെ ഉപയോഗം ജനങ്ങളിലാകമാനം ആശങ്കക്കിടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന പാർലമെന്റ് സെഷനിൽ വിഷയം ചർച്ചക്കും വോട്ടിനുമിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.