ഇന്ധനവില വർധനവ്; ബഹ്റൈനിൽ സർക്കാർ ജീവനക്കാരുടെ യാത്രാബത്ത കൂട്ടണമെന്ന് എം.പിമാർ

മനാമ: രാജ്യത്ത് ഇന്ധനവില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെ യാത്രാബത്ത വർദ്ധിപ്പിക്കണമെന്നും, ഇത് ഇന്ധനവില വർധനവിന് അനുസൃതമായി കൃത്യമായ ഇടവേളകളിൽ പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ബഹ്റൈൻ പാർലമെന്റിൽ അടിയന്തര പ്രമേയം. നിലവിലുള്ള അലവൻസ് തുക ജീവനക്കാരുടെ ദൈനംദിന യാത്രാച്ചെലവിന് തികയുന്നില്ലെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഈ മാസത്തെ പെട്രോൾ, ഡീസൽ വില വർധനവിന് തൊട്ടുപിന്നാലെയാണ് എം.പിമാരുടെ ഈ നീക്കം.

ഒക്ടോബർ മാസം മുതൽ രാജ്യത്ത് ഇന്ധനവിലയിൽ പ്രകടമായ വർധനവാണ് രേഖപ്പെടുത്തിയത്. 91- പെട്രോൾ ലിറ്ററിന് 225 ഫിൽസിൽ നിന്ന് 235 ഫിൽസായും, 95-പെട്രോൾ 247 ഫിൽസിൽ നിന്ന് 277 ഫിൽസായും ഉയർന്നു. സൂപ്പർ 98 നിരക്ക് 380-ൽ നിന്ന് 410 ഫിൽസായി ഉയർന്നപ്പോൾ, ഡീസൽ വില ലിറ്ററിന് 229 ഫിൽസിൽ നിന്ന് 260 ഫിൽസായി (31 ഫിൽസിന്റെ വർധനവ്) മാറി.

നിലവിൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ യാത്രാബത്ത പ്രതിമാസം 20 ദിനാറാണ്. ജീവിതച്ചെലവും ഇന്ധനവിലയും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള ചെലവും കുത്തനെ ഉയരുമ്പോൾ വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ച അലവൻസ് മാറ്റമില്ലാതെ തുടരുന്നത് നീതിയുക്തമല്ലെന്ന് എം.പി ഹിഷാം അബ്ദുൽഅസീസ് അൽ അവാദി പറഞ്ഞു. ദൂരസ്ഥലങ്ങളിൽ നിന്ന് ജോലിക്ക് എത്തുന്നവരെയും പ്രതിദിനം കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്ന ജീവനക്കാരെയുമാണ് ഇത് കൂടുതൽ ബാധിക്കുന്നത്. യാത്രാബത്ത തുക പെട്ടെന്ന് ഒരു തവണ മാത്രം കൂട്ടുകയല്ല വേണ്ടതെന്നും, മറിച്ച് ഇന്ധനവില മാറുന്നതിന് അനുസരിച്ച് അലവൻസ് തുക സ്വയം പരിഷ്കരിക്കപ്പെടുന്ന സുതാര്യവും ശാശ്വതവുമായ ഒരു സംവിധാനം ഉണ്ടാക്കണമെന്നും എം.പി ഖാലിദ് സ്വാലിഹ് ബുഅനക് ആവശ്യപ്പെട്ടു. ഭാവിയിൽ ഇന്ധനവില കുറയുകയാണെങ്കിൽ അലവൻസിലും അതനുസരിച്ച് മാറ്റങ്ങൾ വരുത്താമെന്നും, ഇത് ജീവനക്കാർക്കും സർക്കാരിനും ഒരുപോലെ സുതാര്യമായ നയമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തിലെ സംഘർഷങ്ങളും തടസ്സങ്ങളുമാണ് മേഖലയിൽ ക്രൂഡ് ഓയിൽ ഉൽപ്പാദനത്തെയും ഗതാഗതത്തെയും ബാധിക്കുന്നതും ഇന്ധനവില വർധനവിന് കാരണമാകുന്നതും. എം.പിമാരുടെ അടിയന്തര നിർദ്ദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം പഠനത്തിനായി സാമ്പത്തിക സമിതിക്ക് കൈമാറി. അടുത്ത ആഴ്ച പാർലമെന്റിന്റെ തുറന്ന സഭയിൽ വിഷയം ചർച്ച ചെയ്യും.

Tags:    
News Summary - Fuel Price Surge Triggers Allowance Motion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.