അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിത് രാഷ്ട്രപതി
ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക അധികാരപത്രം സ്വീകരിക്കുന്നു
പുതിയ ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ഉടൻ ചുമതലയേൽക്കും
മനാമ: ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ ഡോ. പ്രദീപ് ഡോ. പ്രദീപ്സിങ് രാജ്‌പുരോഹിത് രാജ്‌പുരോഹിത് ചുമതലയേൽക്കുന്നതിന് മുന്നോടിയായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി.
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അദ്ദേഹം ഔദ്യോഗിക അധികാരപത്രം (ലെറ്റർ ഓഫ് ക്രെഡൻസ്) ഏറ്റുവാങ്ങിയതായി മനാമയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഉടൻ തന്നെ മനാമയിലെത്തി ഔദ്യോഗികമായി ചുമതലയേൽക്കും.
വിനോദ് കെ. ജേക്കബിന് പകരക്കാരനായാണ് പ്രദീപ്സിങ് രാജ്‌പുരോഹിതനെ നിയമിച്ചത്. 2004-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന കരിയർ ഡിപ്ലോമാറ്റാണ് അദ്ദേഹം. 2023 മുതൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോ റിപ്പബ്ലിക്കിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി തുടരുകയായിരുന്നു. ഗ്രെനഡ, കോമൺവെൽത്ത് ഓഫ് ഡൊമിനിക്ക എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായും അദ്ദേഹം അധിക ചുമതല വഹിച്ചിരുന്നു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ മിഡിൽ ഈസ്റ്റ് മേഖലയുടെ (വെസ്റ്റ് ഏഷ്യ ആൻഡ് നോർത്ത് ആഫ്രിക്ക) ഡയറക്ടർ ജനറലായി (ജോയിന്റ് സെക്രട്ടറി) സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇറാഖ് റിപ്പബ്ലിക്കിലെ ഇന്ത്യൻ അംബാസഡറായും (2017 - 2019), സൗദി അറേബ്യയിലെ ഡെപ്യൂട്ടി അംബാസഡറായും (2019 - 2020) പ്രവർത്തിച്ചിട്ടുണ്ട്.
ജർമ്മനിയിലെ ബെർലിനിലുള്ള ഇന്ത്യൻ എംബസിയിൽ പൊളിറ്റിക്കൽ സെക്ഷന്റെ തലവനായിരുന്നു (2014 - 2017). യു.എ.ഇ ഇന്ത്യൻ എംബസിയിൽ സെക്കൻഡ് സെക്രട്ടറിയായും (2008 - 2011), ഈജിപ്തിലെ കെയ്‌റോയിലുള്ള ഇന്ത്യൻ എംബസിയിൽ തേർഡ് സെക്രട്ടറിയായും (2006 - 2008) അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കെയ്‌റോയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി ഭാഷയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ജോധ്പൂർ എസ്.എൻ. മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. രാജ്പുരോഹിത്, ഇന്ത്യൻ ഫോറിൻ സർവീസിൽ ചേരുന്നതിന് മുൻപ് ആരോഗ്യ മേഖലയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. മഞ്ജു രാജ്പുരോഹിത്താണ് ഭാര്യ. ഇവർക്ക് രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യവുള്ള അദ്ദേഹത്തിന് അറബിയിലും ആശയവിനിമയം നടത്താനുള്ള അറിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.