മനാമ: പ്രവാസികൾക്കും സന്ദർശന വിസയിലെത്തുന്നവർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബഹ്റൈൻ. വരാനിരിക്കുന്ന ദേശീയ ബജറ്റിൽ ആരോഗ്യ രംഗത്തെ വികസനങ്ങളുടെയും നവീകരണങ്ങളുടെയും പദ്ധതിയെക്കുറിച്ച് ആവിഷ്കരിക്കുന്നുണ്ട്.
അതിന്റെ ഭാഗമായാണ് ഇൻഷുറൻസ് നടപ്പാക്കാനും തീരുമാനിക്കുന്നത്. ഏകദേശം ഏഴ് ലക്ഷത്തോളം പ്രവാസികൾ ബഹ്റൈനിലുണ്ട്. നിർദേശ പ്രകാരം അവരും അവരുടെ ആശ്രിതരും രാജ്യത്ത് സന്ദർശക വിസയിലെത്തുന്നവരും ഇൻഷുറൻസ് ഉറപ്പാക്കണം. സർക്കാർ ആശുപത്രികളിലെ സമ്മർദം ലഘൂകരിക്കുക, അടിയന്തര വൈദ്യ പരിചരണത്തിനുപയോഗിക്കുന്ന ചെലവ് ചുരുക്കുക എന്നിവ മുൻനിർത്തിയാണ് പദ്ധതി നിർദേശിച്ചത്.
പദ്ധതി പ്രകാരം സന്ദർശക വിസയെടുക്കുന്നവർ അധിക ഫീസ് നൽകേണ്ടി വരും. അതേ സമയം പ്രവാസി താമസക്കാർക്കുള്ള നിലവിലെ അടിസ്ഥാന ഫീസ് നിർത്തലാക്കും. നേരത്തെ സ്റ്റേറ്റ് ഹെൽത്ത് കെയറിൽ നിന്ന് പുറംതള്ളപ്പെട്ടവരെ പുതിയ ഇൻഷുറൻസിൽ ഉൾപ്പെടുത്തും.
മറ്റ് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെ പുതിയ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കും. നിലവിൽ സന്ദർശകരുടെ അടിയന്തര ചികിത്സ ചെലവുകൾ സർക്കാർ വഹിക്കുന്നുണ്ട്. ഇത് സർക്കാറിനെ സാമ്പത്തികമായി ബാധിക്കുന്ന കാര്യമാണ്. ഇൻഷുറൻസിലേക്ക് മാറുന്നതോടെ പൊതുആരോഗ്യ കേന്ദ്രങ്ങളുടെ മേലുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 -26 വർഷത്തെ ബജറ്റിൽ ആരോഗ്യ രംഗത്തിനായി 688 മില്യൺ ദീനാറാണ് വകയിരുത്തിയത്.
കഴിഞ്ഞ ബജറ്റിനേക്കാൾ 17 ശതമാനത്തിന്റെ വർധനവാണ്. പുതിയ ആരോഗ്യ കേന്ദ്രങ്ങൾ നിർമിക്കാനും നിലവിലെ സൗകര്യങ്ങൾ വികസിപ്പിക്കാനും ആശുപത്രി വകുപ്പുകൾ നവീകരിക്കാനും ഫണ്ട് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.