മനാമ: അടുത്ത മാസം സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ബഹ്റൈനിൽ പ്രത്യേക ഗതാഗത പദ്ധതികളും ബോധവത്കരണ പരിപാടികളും ഒരുക്കുന്നു. പൊതു-സ്വകാര്യ സ്കൂളുകളിലെ ആയിരക്കണക്കിന് വിദ്യാർഥികൾ ക്ലാസുകളിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് നടപടി.വിദ്യാർഥികളുടെ സുരക്ഷക്ക് മുൻഗണന നൽകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ഡയറക്ടർ ജനറൽ മേജർ ജനറൽ ശൈഖ് അബ്ദുർറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫ വ്യക്തമാക്കി. വിദ്യാർഥികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ട്രാഫിക് പൊലീസുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
റോഡ് നിയമങ്ങൾ പാലിക്കാനും, പ്രത്യേകിച്ച് സ്കൂൾ പരിസരങ്ങളിൽ കുട്ടികളുടെ സുരക്ഷക്ക് മുൻഗണന നൽകാനും ഞങ്ങൾ രക്ഷിതാക്കളോട് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ അധ്യയന വർഷം 2025-2026 ആരംഭിക്കുന്നതിന് മുന്നോടിയായി, തിരക്കേറിയ സമയങ്ങളിൽ ഗതാഗതം സുഗമമാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മേജർ ജനറൽ ശൈഖ് അബ്ദുർറഹ്മാൻ അറിയിച്ചു. ട്രാഫിക് നീക്കം നിയന്ത്രിക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപനം നടത്തുകയും സ്കൂൾ സോണുകളിലെ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന ഒരു നിയമലംഘനവും വെച്ചുപൊറുപ്പിക്കില്ലെന്നും എല്ലാവർക്കും സുരക്ഷിതമായ സ്കൂൾ ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, സ്കൂൾ വാഹനങ്ങൾ ഓടിക്കാൻ ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിൽനിന്ന് ലൈസൻസില്ലാത്ത ഡ്രൈവർമാരെ നിയമിക്കരുതെന്ന് ട്രാഫിക് അധികൃതർ രക്ഷിതാക്കളോട് അഭ്യർഥിച്ചിരുന്നു. യാത്രയിലുടനീളം വാഹനത്തിൽ ഇരിക്കാനും, ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിപ്പിക്കാതിരിക്കാനും വിദ്യാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളിലെ അറ്റകുറ്റപ്പണികളും ക്ലാസ് മുറികളിൽ ഊർജക്ഷമതയുള്ള എയർ കണ്ടീഷണറുകൾ സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പൂർത്തിയാക്കി.രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ 5,000 പുതിയ എയർ കണ്ടീഷണറുകൾ സ്ഥാപിച്ചതായും, നൂറുകണക്കിന് വിദ്യാർഥികളെ കൊണ്ടുപോകാൻ ബസുകൾ തയാറാണെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക ബസുകളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.