ലഹരിവേട്ടക്കായി സാങ്കേതികവിദ്യകളും; സുരക്ഷാ സംവിധാനങ്ങളുമായി ബഹ്റൈൻ

മനാമ: സമൂഹത്തെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി കർശനമായ നടപടികളുമായി ബഹ്‌റൈൻ അധികൃതർ മുന്നോട്ട്. ലഹരിമരുന്ന് കടത്തും ഉപയോഗവും തടയുന്നതിനായി ആധുനിക സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി വരികയാണെന്ന് ആന്റി-നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ ബുഐനൈൻ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമ്ൻ' മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് 2,006 ലഹരിമരുന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,509 കേസുകൾ രാജ്യത്തിനകത്തും, 218 എണ്ണം കിംഗ് ഫഹദ് കോസ്‌വേ വഴിയും, 269 എണ്ണം ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയും, 2 എണ്ണം ഖലീഫ ബിൻ സൽമാൻ പോർട്ട് വഴിയുമാണ് കണ്ടെത്തിയത്. ഇതിൽ 136 എണ്ണം കടത്തുമായി ബന്ധപ്പെട്ടതും, 177 എണ്ണം കച്ചവടവുമായും, 1,464 എണ്ണം വ്യക്തിഗത ഉപയോഗവുമായും ബന്ധപ്പെട്ട കേസുകളാണ്. ഈ വർഷം ആദ്യ മൂന്ന് മാസത്തിനുള്ളിൽ 475 ലഹരിമരുന്ന് കേസുകളും അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെ പ്രവേശന കവാടങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിനായി കസ്റ്റംസ്, തീരദേശ സംരക്ഷണ സേന, പോലീസ് ഏവിയേഷൻ എന്നിവയുമായി സഹകരിച്ചാണ് ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നത്. ഹൈ-റെസല്യൂഷൻ എക്സ്-റേ മെഷീനുകൾ, പോലീസ് നായകൾ, സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് പരിശോധനകൾ നടത്തുന്നത്. ഹാഷിഷ്, ഷാബു തുടങ്ങിയ മാരകമായ ലഹരിവസ്തുക്കൾ രാജ്യത്തെ യുവതലമുറയെ ലക്ഷ്യമിട്ട് എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേണൽ അൽ ബുഐനൈൻ മുന്നറിയിപ്പ് നൽകി. ലഹരിവസ്തുക്കൾ കൈമാറുന്ന 'ഡെഡ് ഡ്രോപ്പ്' പോലുള്ള പുതിയ രീതികൾ കുറ്റവാളികൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഏത് തന്ത്രത്തെയും നേരിടാനുള്ള അത്യാധുനിക സംവിധാനങ്ങൾ സുരക്ഷാ സേനയുടെ പക്കലുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ലഹരി ഉപയോഗത്തിനെതിരെ യുവാക്കളെ ബോധവൽക്കരിക്കുന്നതിനായി സ്കൂളുകൾ, സർവ്വകലാശാലകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ വിപുലമായ പ്രചാരണ പരിപാടികളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിച്ചു വരുന്നുണ്ട്. സംശയാസ്പദമായ വെബ്‌സൈറ്റുകൾ നിരീക്ഷിക്കുന്നതിനും ലഹരി പ്രചാരണ രീതികൾ വിശകലനം ചെയ്യുന്നതിനും നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്താനും ഡയറക്ടറേറ്റ് നടപടികൾ സ്വീകരിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ ശ്രദ്ധയും കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ നേരത്തെ തിരിച്ചറിഞ്ഞുള്ള ഇടപെടലും ലഹരിവിമുക്ത സമൂഹത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Tags:    
News Summary - Bahrain deploys technology and security systems to combat drug trafficking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.