മനാമ: ഫലസ്തീൻ രാഷ്ട്രം സൗദി അറേബ്യയിൽ സ്ഥാപിക്കണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് ബഹ്റൈൻ. അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്ന് ബഹ്റൈൻ വിദേശ കാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സൗദിക്കുള്ള ബഹ്റൈന്‍റെ പൂർണ ഐക്യദാർഢ്യവും സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവക്കുള്ള പിന്തുണയും മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവരുടെ കുടിയിറക്കം തടയുക, പൂർണ പരമാധികാരമുള്ള ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക, ഇസ്രായേലുമായി സമാധാനപരമായ സഹവർത്തിത്വം സാധ്യമാക്കുക എന്നിവ നടപ്പാക്കുമ്പോഴാണ് ഫലസ്തീനിലെ സമാധാനം പുനഃസ്ഥാപിക്കപ്പെടുള്ളൂവെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഫലസ്തീൻ രാഷ്ട്രം സൗദി അറേബ്യയിൽ സ്ഥാപിക്കണമെന്ന നെതന്യാഹുവിന്‍റെ പ്രസ്താവനയെ യു.എ.ഇയും അപലപിച്ചു. പ്രസ്താവന അപലപനീയവും പ്രകോപനപരവുമാണെന്ന് വ്യക്തമാക്കിയ യു.എ.ഇ സഹമന്ത്രി ഖലീഫ ബിൻ ശഹീൻ അൽ മറാർ, സൗദിക്ക് സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സൗദിയുടെ സുരക്ഷക്കും സ്ഥിരതക്കും അഖണ്ഡതക്കുമെതിരായ എല്ലാ ഭീഷണികൾക്കുമെതിരെ രാജ്യത്തിന്‍റെ ശക്തമായ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തു. നെതന്യാഹുവിന്‍റെ പ്രസ്താവന അസ്വീകാര്യവും അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്ര സഭ ചാർട്ടറുകൾക്ക് എതിരുമാണ്. സൗദി അറേബ്യയുടെ പരമാധികാരം ഒരു രാജ്യത്തിനും ദുർബലപ്പെടുത്താനോ ലംഘിക്കാനോ കഴിയാത്ത ‘ചുവപ്പ് രേഖ’യായിട്ടാണ് യു.എ.ഇ കണക്കാക്കുന്നത്- പ്രസ്താവന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.