മനാമ: ബഹ്‌റൈനിലെ ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് വീണ്ടും ഇറാൻ ആക്രമണം. ബുധനാഴ്ച പുലർച്ചെ 2.30ഓടെയാണ് രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങുന്നതും തുടരെ ആക്രമണമുണ്ടായതും. രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾക്ക് നേരെയും യു.എസ് ബേസ് ലക്ഷ്യമിട്ടും നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് വിജയകരമായി പ്രതിരോധിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് രാജ്യത്തെ ലക്ഷ്യമാക്കിയെത്തിയത്. അവയെല്ലാം പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തടയുകയായിരുന്നു. രാജ്യത്തിൻ്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ ബഹ്‌റൈൻ്റെ എല്ലാ സൈനിക വിഭാഗങ്ങളും സദാ സജ്ജമാണെന്ന് ബി.ഡി.എഫ് ജനറൽ കമാൻഡ് വ്യക്തമാക്കി.
വിമാനത്താവളം അടച്ചിടുന്നതിനെക്കുറിച്ചോ വ്യോമപാത അടക്കുന്നതിനെ കുറിച്ചോ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. രാവിലെ കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കിയിട്ടുണ്ട്. മറ്റുള്ള വിമാനങ്ങളെല്ലാം ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുന്നുണ്ട്. ആക്രമണത്തെ തുടർന്ന് തകർന്നുവീണ മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ, അല്ലെങ്കിൽ സംശയാസ്പദമായ മറ്റ് വസ്തുക്കൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ യാതൊരു കാരണവശാലും അതിനടുത്തേക്ക് പോകാനോ തൊടാനോ പാടില്ലെന്ന് സൈന്യം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ കണ്ടാൽ ഉടൻ തന്നെ വിവരമറിയിക്കണമെന്നും റോയൽ ഫീൽഡ് എൻജിനീയറിങ് യൂണിറ്റിലെ വിദഗ്ധർ ഈ വസ്തുക്കൾ സുരക്ഷിതമായി നീക്കം ചെയ്യാൻ പൂർണ്ണ സജ്ജരാണെന്നും അധികൃതർ അറിയിച്ചു.
ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ പ്രതിരോധ സേന ചൂണ്ടിക്കാണിച്ചു. പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും രാജ്യം സ്വീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ആയിരുന്നു രാജ്യത്തിന് നേരെ ആദ്യ ആക്രമണമുണ്ടായത്. തുടർന്ന് രണ്ട് മാസത്തോളം നീണ്ടുനിന്ന അശാന്ത സാഹചര്യം വെടിനിർത്തൽ പ്രഖ്യാപനത്തോടെയാണ് മാറിയത്. പിന്നീട് സ്ഥിതിഗതികൾ വഷളായതോടെ ഒരു ഇടവേളക്ക് ശേഷം വീണ്ടും ആക്രമണം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.