ജപ്പാനിലെ ഒസാകാ എക്സ്പോയിൽ ബഹ്റൈൻ പവലിയൻ,
മനാമ: ഇന്നുമുതൽ ജപ്പാനിലെ ഒസാകായിൽ നടക്കുന്ന എക്സ്പോയിൽ ബഹ്റൈൻ പങ്കാളിയാകും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആർക്കിയോളജി (ബി.എ.സി.എ ) നാല് ദിവസത്തെ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. സെപ്റ്റംബർ 20 വരെയാണ് ബഹ്റൈന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഈ പരിപാടികൾ നടക്കുക. സംഗീതവും വൈവിധ്യമാർന്ന സാംസ്കാരിക അനുഭവങ്ങളുമടങ്ങിയ ആഘോഷങ്ങളിലൂടെ ബഹ്റൈന്റെ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കും. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഗേറ്റ്വേ എന്ന നിലക്ക് ബഹ്റൈന് പ്രാധാന്യം ലഭിക്കാനും രാജ്യത്തിന്റെ ധന്യമായ സംസ്കാരത്തിലേക്ക് വെളിച്ചം വീശാനും എക്സ്പോയിലെ പങ്കാളിത്തം കാരണമാകും. ലോകത്തേക്ക് തുറക്കുന്ന വാതിൽ എന്ന നിലക്കാണ് ബഹ്റൈനെ പ്രമോട്ട് ചെയ്യുക. എക്സ്പോയിൽ ഇത് നാലാം തവണയാണ് ബഹ്റൈൻ പങ്കെടുക്കാനൊരുങ്ങുന്നത്. 2019ൽ ഷാങ്ഹായിലും 2015ൽ മിലാനോയിലും 2020ൽ ദുബൈയിലുമാണ് ഇത് നടന്നത്.
സെപ്റ്റംബർ 18നാണ് ബഹ്റൈൻ പവലിയന്റെ ഔദ്യോഗിക ദേശീയദിനം. അറബിക് കോഫി, കാലിഗ്രഫി പ്രദർശനങ്ങളോടെ ആരംഭിക്കുന്ന ആഘോഷങ്ങൾക്ക് ബഹ്റൈൻ പൊലീസ് ബാൻഡിന്റെ പ്രകടനങ്ങൾ മാറ്റുകൂട്ടും.
‘ബഹ്റൈന്റെ സംഗീതം കാലങ്ങളിലൂടെ’ എന്ന പേരിൽ ദേശീയദിന ഹാളിൽ ഒരു സംഗീത പരിപാടി നടക്കും. പവിഴം ശേഖരിക്കുന്നവരുടെ ഗാനങ്ങളായ ‘നഹ്മ’ മുതൽ ‘ഫിജ്രി’ വരെയുള്ള പരമ്പരാഗത കലാരൂപങ്ങൾ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖലാലി ഫോക്ക് ബാൻഡാണ് ഇത് അവതരിപ്പിക്കുക. പ്രശസ്ത സംഗീതജ്ഞരായ മുഹമ്മദ് ബിൻ ഫാരിസ്, ദാഹി ബിൻ വലീദ്, മുഹമ്മദ് സുവൈദ് എന്നിവർ വികസിപ്പിച്ച ‘ഫാൻ അൽ സൗത്’ എന്ന സംഗീതശാഖക്കും പ്രത്യേക പരിപാടിയുണ്ടാകും.
ബഹ്റൈനി കലാകാരൻ നൂർ അൽ ഖാസെം അവതരിപ്പിക്കുന്ന പിയാനോ സോളോയോടെയാണ് പരിപാടികൾക്ക് സമാപനമാവുക. അബ്ദുർറഹ്മാൻ അവാദ്, അബ്ദുല്ല ഹാജി, മുഹമ്മദ് അസീരി തുടങ്ങിയ യുവ പ്രതിഭകളും ബഹ്റൈനി മാസ്ട്രോ സിയാദ് സൈമാന്റെ കലാസംവിധാനത്തിൽ പരിപാടിയിൽ പങ്കെടുക്കും. ഔദ്യോഗിക ചടങ്ങുകൾക്ക് പുറമെ, എക്സ്പോയുടെ വിവിധ വേദികളിൽ സമാന്തര പരിപാടികളും നടക്കും. കൂടുതൽ വിവരങ്ങൾക്കായി ബഹ്റൈൻ പവലിയന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ www.bahrainpavilion2025.bh, BACA യുടെ വെബ്സൈറ്റായ www.culture.gov.bh എന്നിവ സന്ദർശിക്കാവുന്നതാണ്. കൂടാതെ, @CultureBah, @bahatexpo എന്നീ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയും വിവരങ്ങൾ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.