മനാമ: മുനിസിപ്പൽ നിയമങ്ങളിൽ വരുത്തിയ സുപ്രധാന ഭേദഗതികൾ പ്രകാരം ഇനിമുതൽ ഷെയർ ചെയ്തുള്ള താമസ സ്ഥലം വാടകയ്ക്ക് നൽകുന്നതിന് മുൻപ് കെട്ടിട ഉടമകൾ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയെ വിവരം അറിയിക്കുകയും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ 2026-ലെ 30-ാം നമ്പർ ഉത്തരവ് പ്രകാരമാണ് മുനിസിപ്പൽ കാര്യ മന്ത്രാലയത്തിന്റെ നിർദേശം. രക്തബന്ധമില്ലാത്ത അഞ്ചോ അതിലധികമോ ആളുകൾ താമസിക്കുന്ന സ്ഥലങ്ങളെയാണ് നിയമപരമായി ഷെയർ അക്കമഡേഷൻ ആയി കണക്കാക്കുന്നത്. ഇത്തരം താമസസ്ഥലങ്ങൾ മുനിസിപ്പാലിറ്റിയുടെ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യേണ്ടതുമാണ്.
കൂടാതെ, കടൽ നികത്തുന്നതിനുള്ള ലൈസൻസ് ഫീസ് ഒരു ചതുരശ്ര മീറ്ററിന് 400 ഫിൽസ് ആയി പുതിയ ഉത്തരവിൽ നിശ്ചയിച്ചു. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതും നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ളതുമായ കെട്ടിടങ്ങളെ മുനിസിപ്പൽ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, അത്തരം സ്ഥലങ്ങളിൽ താമസം തുടങ്ങുകയോ വൈദ്യുതി മീറ്റർ സ്ഥാപിക്കുകയോ ചെയ്യുന്ന മുറയ്ക്ക് ഫീസ് നൽകേണ്ടി വരും.
കൊതുകുകൾ, എലികൾ തുടങ്ങിയ രോഗവാഹകരായ ജീവികൾ പെരുകുന്നത് തടയാൻ കെട്ടിക്കിടക്കുന്ന വെള്ളമുള്ള സ്ഥലങ്ങൾ നിരീക്ഷിക്കാനും, ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും മുനിസിപ്പാലിറ്റികൾക്ക് കൂടുതൽ അധികാരം നൽകി.
കൂടാതെ, മുനിസിപ്പൽ കൗൺസിലുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ സമിതികൾ തമ്മിലുള്ള അധികാര പരിധികളിൽ വ്യക്തത വരുത്തുന്നതിനുമായി കൗൺസിലിന്റെ അജണ്ട തയ്യാറാക്കുന്നതിലും സമിതികളുടെ പ്രവർത്തനങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും. കെട്ടിട ഉടമകളും പ്രവാസികളും ഉൾപ്പെടെയുള്ള ബഹ്‌റൈനിലെ മുഴുവൻ താമസക്കാരും ഈ പുതിയ നിയമ മാറ്റങ്ങൾ ശ്രദ്ധിക്കുകയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.