എ.എസ്.യു 'ദാസ 2025' അന്താരാഷ്ട്ര സമ്മേളനത്തിൽ
പങ്കെടുത്തവർ
മനാമ: അപ്ലൈഡ് സയൻസ് യൂണിവേഴ്സിറ്റി (എ.എസ്.യു) സംഘടിപ്പിച്ച ആറാമത് അന്താരാഷ്ട്ര സമ്മേളനം (ദാസ 2025) മനാമയിൽ നടന്നു. സമ്മേളനം ലോകമെമ്പാടുമുള്ള പ്രമുഖ അധ്യാപകരുടെയും വിദഗ്ധരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഡയാന അബ്ദുൽ കരീം അൽ ജഹ്റോമിയുടെ സാന്നിധ്യത്തിലാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഈ വർഷം 49 രാജ്യങ്ങളിൽ നിന്നുള്ള 1,875 ഗവേഷകരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
432 ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിക്കപ്പെടുകയും പിയർ റിവ്യൂവിന് ശേഷം വിവിധ സെഷനുകളിൽ അവതരിപ്പിക്കുകയും ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി, എ.എസ്.യുവും ഐ.എസ്.സി പാരീസ് ബിസിനസ് സ്കൂളും തമ്മിൽ അക്കാദമിക-ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
പ്രാദേശികവും അന്തർദേശീയവുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള ശാസ്ത്രീയ ഗവേഷണത്തിനും വിജ്ഞാന കൈമാറ്റത്തിനും സഹകരണത്തിനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് ഡോ. അൽ ജഹ്റോമി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആഗോള സ്ഥാപനങ്ങളുമായുള്ള സഹകരണം ബഹ്റൈന്റെ ഗവേഷണ ശേഷി വർധിപ്പിക്കുകയും ദേശീയ മുൻഗണനകളെ പൂർത്തീകരിക്കുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്രയും വലിയൊരു അന്താരാഷ്ട്ര ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത് ബഹ്റൈനെ വിജ്ഞാനത്തിന്റെയും നൂതനത്വത്തിന്റെയും പ്രാദേശിക കേന്ദ്രമായി സ്ഥാപിക്കാനുള്ള സർവകലാശാലയുടെ കാഴ്ചപ്പാടുമായി യോജിച്ച് പോകുന്നതാണെന്ന് എ.എസ്.യു ട്രസ്റ്റി ബോർഡ് ചെയർമാൻ പ്രഫ. വഹീബ് അൽ ഖാജ പറഞ്ഞു.ഫ്രാൻസിന്റെ ബഹ്റൈനിലെ അംബാസഡർ എറിക് ജിറോഡ്-ടെൽമെ ഉൾപ്പെടെ നിരവധി നയതന്ത്ര പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. ഹെറിയറ്റ്-വാട്ട് യൂനിവേഴ്സിറ്റിയിലെ പ്രഫ. കോളിൻ ടർണർ, ഐ.എസ്.സി പാരിസ് ബിസിനസ് സ്കൂളിലെ ഡോ. ജീൻ-ക്രിസ്റ്റോഫ് ഹോഗൽ തുടങ്ങിയ പ്രമുഖരാണ് മുഖ്യ പ്രഭാഷണങ്ങൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.