മനാമ: കൂടുതൽ പ്രാദേശിക, ഭൂഖണ്ഡാന്തര, അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ബഹ്റൈൻ ആതിഥേയത്വം വഹിക്കണമെന്ന് ശൂറാ കൗൺസിൽ അംഗം ആവശ്യപ്പെട്ടു. ലോകോത്തര കായിക ഇനങ്ങൾ വിജയകരമായി സംഘടിപ്പിക്കാനുള്ള രാജ്യത്തിന്റെ തെളിയിക്കപ്പെട്ട കഴിവ് അദ്ദേഹം എടുത്തുപറഞ്ഞു.ശൂറാ കൗൺസിലിന്റെ യുവജന-കായിക സമിതി അധ്യക്ഷനായ റെധാ മുൻഫരീദിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. രാജ്യത്ത് അടുത്തിടെ വിജയകരമായി സംഘടിപ്പിച്ച മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന്റെ നടത്തിപ്പിനെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
നേരത്തെ തീരുമാനിച്ച ആതിഥേയ രാജ്യം പിന്മാറിയപ്പോൾ, എട്ടു മാസം മുമ്പാണ് ബഹ്റൈൻ ഈ ചുമതല ഏറ്റെടുത്തത്.അതിന്റെ വിജയ ഫലം അതിശയകരമായിരുന്നെന്നും കൗൺസിലിന്റെ പ്രതിവാര യോഗത്തിൽ സംസാരിക്കവെ റെധാ മുൻഫരീദി പറഞ്ഞു.ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് പോലുള്ള ലോകോത്തര ഇവന്റുകൾ വിജയകരമായി നടത്തിയും, ഏഷ്യൻ യൂത്ത് ഗെയിംസ് ഏറ്റെടുത്ത് പൂർത്തിയാക്കിയതിലൂടെയും കൂടുതൽ വലിയ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാൻ രാജ്യത്തിന് ശേഷിയുണ്ടെന്ന് നമ്മൾ തെളിയിച്ചു.
അന്താരാഷ്ട്ര കായിക പരിപാടികൾ വിജയകരമായി നടത്തുന്നത് ബഹ്റൈന്റെ ആഗോള പ്രശസ്തി വർധിപ്പിക്കുകയും യുവാക്കളുടെ പങ്കാളിത്തം, ടൂറിസം വളർച്ച, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവക്ക് വിലപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹ് ഈ അഭിപ്രായത്തെ പിന്തുണച്ചു. ബഹ്റൈനെ ഒരു മുൻനിര കായിക കേന്ദ്രമാക്കി മാറ്റാനുള്ള എല്ലാ ശ്രമങ്ങൾക്കും കൗൺസിൽ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.