ഏഷ്യൻ യൂത്ത് ഗെയിംസ് ഒരുക്കങ്ങൾ വിലയിരുത്താനായി ബഹ്‌റൈൻ ദേശീയ സ്റ്റേഡിയത്തിലെത്തിയ ശൈഖ് ഖാലിദ്
മനാമ: ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന്റെ ഒരുക്കങ്ങളും സൗകര്യങ്ങളും നേരിട്ട് വിലയിരുത്തി ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ.
ബഹ്‌റൈൻ ദേശീയ സ്റ്റേഡിയം സന്ദർശിച്ചാണ് അദ്ദേഹം ഒരുക്കങ്ങൾ വിലയിരുത്തിയത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഒക്ടോബർ 22 മുതൽ 31 വരെയാണ് ഏഷ്യൻ യൂത്ത് ഗെയിംസ് നടക്കുന്നത്. കായിക സൗകര്യങ്ങളുടെയും വേദികളുടെയും സന്നദ്ധതയാണ് ഗെയിംസിന്റെ വിജയത്തിന് ഏറ്റവും പ്രധാനമെന്ന് ശൈഖ് ഖാലിദ് പറഞ്ഞു.
അത്‌ലറ്റിക്സ് ട്രാക്ക്, വി.ഐ.പി പ്ലാറ്റ്‌ഫോം, കാണികളുടെ ഇരിപ്പിടങ്ങൾ, മീഡിയ പ്ലാറ്റ്‌ഫോം, അത്‌ലറ്റുകളുടെ ഡ്രസിങ് റൂമുകൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയുടെയെല്ലാം സന്നദ്ധത അദ്ദേഹം പരിശോധിച്ചു. ഏഷ്യൻ, ഒളിമ്പിക് ഗെയിംസുകളിലെ പ്രധാന കായിക ഇനങ്ങളിലൊന്നാണ് അത്‌ലറ്റിക്സ് എന്ന് ചൂണ്ടിക്കാട്ടിയ ഹൈനസ്, ദേശീയ സ്റ്റേഡിയത്തിലെ ഒരുക്കങ്ങളിലുള്ള പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി.
ഏഷ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് മത്സരിക്കാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷം സ്റ്റേഡിയത്തിൽ ഒരുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ബാക്കിയുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും ശൈഖ് ഖാലിദ് വിജയാശംസകൾ നേർന്നു.
ജനറൽ സ്പോർട്സ് അതോറിറ്റി വൈസ് പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ, ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ശൈഖ് ഈസ ബിൻ അലി ആൽ ഖലീഫ, ജി.എസ്.എ. സി.ഇ.ഒ. ഡോ. അബ്ദുൽറഹ്മാൻ സാദിഖ് അസ്‌കർ, ബി.ഒ.സി. സെക്രട്ടറി ജനറൽ ഫാരിസ് മുസ്തഫ അൽ കൂഹേജി, ഏഷ്യൻ യൂത്ത് ഗെയിംസ് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ യൂസഫ് ദുവൈജ് എന്നിവരും ശൈഖ് ഖാലിദിനൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.