മനാമ: അറബ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെയും സമുദ്രഗതാഗതം തടസ്സപ്പെടുത്താനുള്ള നീക്കങ്ങളെയും ശക്തമായി അപലപിച്ച് അറബ് ലീഗ്. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി ചേർന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ യോഗത്തിലാണ് ഇറാനെതിരെ കർശന നിലപാട് സ്വീകരിച്ച പ്രമേയം പാസാക്കിയത്. കഴിഞ്ഞ 40 ദിവസമായി ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ അറബ് രാജ്യങ്ങളിൽ വൻ നാശനഷ്ടങ്ങൾ വരുത്തിയതായി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ചൂണ്ടിക്കാട്ടി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ തത്വങ്ങളുടെയും നഗ്നമായ ലംഘനമാണ്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായി ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ നീക്കം ആഗോള ഊർജ്ജ സുരക്ഷയെയും വ്യാപാരത്തെയും ബാധിച്ചു. ദശലക്ഷക്കണക്കിന് ആളുകളെ ഇത് പട്ടിണിയിലേക്ക് നയിക്കുന്നതായും യോഗം വിലയിരുത്തി.
സിവിലിയൻ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് അന്താരാഷ്ട്ര നിയമമനുസരിച്ച് ഇറാൻ പൂർണ്ണ ഉത്തരവാദിത്തം ഏൽക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. മേഖലയിലെ സായുധ ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന സാമ്പത്തിക-സൈനിക സഹായം അവസാനിപ്പിക്കണം. ഇത്തരം ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ഇറാഖ് സർക്കാർ പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരം ആക്രമണത്തിന് ഇരയായ അറബ് രാജ്യങ്ങൾക്ക് വ്യക്തിപരമായോ കൂട്ടായോ സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും യോഗം വ്യക്തമാക്കി. യുഎൻ സുരക്ഷാ സമിതിയുടെ 2026-ലെ 2817-ാം നമ്പർ പ്രമേയം ലംഘിച്ചുകൊണ്ട് ഇറാൻ നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്ന് അറബ് ലീഗ് ആഹ്വാനം ചെയ്തു. ബഹ്‌റൈൻ, സൗദി അറേബ്യ, യുഎഇ, ജോർദാൻ, ഒമാൻ, ഖത്തർ, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും യോഗം മുന്നറിയിപ്പ് നൽകി. അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത് ഉൾപ്പെടെയുള്ള പ്രമുഖർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.