'വൺ സ്റ്റോപ് പ്രീ-ക്ലിയറൻസ് പദ്ധതി കരാറൊപ്പിടൽ ചടങ്ങ്
മനാമ: ബഹ്‌റൈനും യു.എ.ഇക്കും ഇടയിലെ വിമാനയാത്രകൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി 'വൺ സ്റ്റോപ്പ്' പ്രീ-ക്ലിയറൻസ് പദ്ധതിക്കായി ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അബുദാബിയിൽ നടന്ന ചടങ്ങിലാണ് സുപ്രധാന കരാർ നിലവിൽ വന്നത്. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് പോർട്ട്‌സ് സെർച്ച് ആൻഡ് ഫോളോ-അപ്പ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ അബ്ദുൽ അസീസ് അബ്ദുൽ റഹ്മാൻ അൽ ദോസരിയും, യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി എയർപോർട്ട് അഫയേഴ്‌സ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഹമദ് സൈഫും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.
യാത്ര പുറപ്പെടുന്ന രാജ്യത്തുനിന്നുതന്നെ എത്തിച്ചേരാനുള്ള രാജ്യത്തെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഈ സംവിധാനം സഹായിക്കും. ഇതിലൂടെ ആ രാജ്യത്തെ എമിഗ്രേഷൻ കാത്തിരിപ്പ് സമയം ഒഴിവാക്കാനും യാത്രാനടപടികൾ വേഗത്തിലാക്കാനും സാധിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡാറ്റാ സുരക്ഷയും വിവര സംരക്ഷണവും ഉറപ്പാക്കിക്കൊണ്ട് യാത്രക്കാരുടെ പ്രീ-ക്ലിയറൻസ് വിവരങ്ങൾ പരസ്പരം കൈമാറാൻ പുതിയ സ്ഥാപനപരമായ ചട്ടക്കൂട് ഈ കരാറിലൂടെ രൂപീകരിക്കും. കൂടാതെ ഇരു രാജ്യങ്ങളുടെയും ഇലക്ട്രോണിക് സംവിധാനങ്ങൾ തമ്മിൽ കൂടുതൽ സമന്വയം ഉണ്ടാക്കാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.
ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ 42-ാമത് യോഗത്തിലെ തീരുമാനപ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും യാത്രാ സംവിധാനങ്ങൾ കൂടുതൽ ആധുനികവൽക്കരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട്, അബുദാബി സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവ കേന്ദ്രീകരിച്ചാണ് ഈ പദ്ധതി ഔദ്യോഗികമായി നടപ്പിലാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.