മനാമ: രാത്രികാലങ്ങളിൽ ജനവാസ മേഖലകളിൽ നടക്കുന്ന നിർമ്മാണ ജോലികൾ രാത്രി 9 മണിയോടെ അവസാനിപ്പിക്കണമെന്ന് സതേൺ മുനിസിപ്പൽ കൗൺസിൽ അംഗം അഹമ്മദ് അൽ അബ്ദുല്ല ആവശ്യപ്പെട്ടു. വീടുകൾക്ക് സമീപം രാത്രി മുഴുവൻ നീളുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് അമിത ശബ്ദമുണ്ടാകുന്നുവെന്ന് കാണിച്ച് നിരവധി കുടുംബങ്ങൾ പരാതി നൽകിയതിനെത്തുടർന്നാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
ബ്ലോക്ക് 915-ലെ നൂൺ സ്ട്രീറ്റിൽ രാത്രി 9 മണി മുതൽ പുലർച്ചെ 5 മണി വരെ ജോലികൾ നടക്കുന്നത് കാരണം പ്രദേശവാസികളുടെ ഉറക്കം തടസ്സപ്പെടുന്നതായും കുടുംബങ്ങൾ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ബഹ്‌റൈനിലെ വേനൽക്കാല ഉച്ചസമയത്തെ പണി വിലക്ക് കാരണം കരാറുകാർക്ക് ജോലി സമയം മാറ്റേണ്ടി വരാറുണ്ടെങ്കിലും, ആ ഭാരം രാത്രികാലങ്ങളിൽ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ - വാണിജ്യ മേഖലകളിൽ നിന്ന് വ്യത്യസ്തമായി ജനവാസ കേന്ദ്രങ്ങളിൽ കുടുംബങ്ങളുടെ സമാധാനത്തിനും സ്വകാര്യതയ്ക്കും മുൻഗണന നൽകേണ്ടതുണ്ട്.
ഓരോ പദ്ധതിയും ആരംഭിക്കുന്നതിന് മുൻപ് സർവീസ് വിഭാഗങ്ങളും കരാറുകാരുമായി ചേർന്ന് കൃത്യമായ ജോലി സമയം നിശ്ചയിക്കണമെന്ന് അൽ അബ്ദുല്ല ആവശ്യപ്പെട്ടു. റോഡ് നിർമ്മാണങ്ങളും പൊതുപ്രവൃത്തികളും അനാവശ്യ താമസമില്ലാതെ പൂർത്തിയാക്കണം, എന്നാൽ അതിവേഗത്തിലുള്ള നിർമ്മാണങ്ങൾ ജനങ്ങളുടെ ഉറക്കത്തെയും സമാധാനത്തെയും ബാധിക്കുന്നതാകരുത്. പരാതികൾ ലഭിച്ച ശേഷം മാത്രം നടപടിയെടുക്കുന്നതിന് പകരം, ജനവാസ മേഖലകളിലെ ഓരോ പ്രവൃത്തി പദ്ധതിയിലും രാത്രികാല ശബ്ദമലിനീകരണം ഒഴിവാക്കാനുള്ള കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.