മുഹറഖിന്റെ പാരമ്പര്യം വീണ്ടെടുക്കാൻ പുതിയ നിർമ്മാണ നിയന്ത്രണങ്ങൾ
മനാമ: ചരിത്രപ്രസിദ്ധമായ പഴയ മുഹറഖിന്റെ പാരമ്പര്യ തനിമയും സ്വത്വവും സംരക്ഷിക്കുന്നതിനായി പുതിയ നിർമ്മാണ ചട്ടങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിച്ച് അർബൻ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി. ഇത് പ്രകാരം പഴയ മുഹറഖിൽ ഇനി നിർമ്മിക്കുന്ന പുതിയ വീടുകളുടെ വാതിലുകൾ, ജനലുകൾ, നിർമ്മാണ സാമഗ്രികൾ, നിറങ്ങൾ എന്നിവയ്ക്ക് പ്രത്യേക നിബന്ധനകൾ ബാധകമായിരിക്കും. കൂടാതെ പരിസരത്ത് നടേണ്ട മരങ്ങൾ, കടകളുടെ സൈൻ ബോർഡുകൾ എന്നിവ പോലും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സജ്ജീകരിക്കേണ്ടത്.
ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസുമായി സഹകരിച്ചാണ് നിർമ്മാണ ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പഴയ മുഹറഖിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾ പരമ്പരാഗത ബഹ്‌റൈനി വാസ്തുവിദ്യാ ശൈലിയെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. കടകളുടെ പരസ്യ ബോർഡുകൾ, പബ്ലിക് ഇൻഫ്രാസ്ട്രക്ചർ എന്നിവ മന്ത്രാലയങ്ങളുടെ നിർദ്ദേശാനുസരണമായിരിക്കും സജ്ജീകരിക്കുക.
പഴയ നഗരത്തിലെ വീടുകൾ ഏറ്റെടുക്കുകയോ വാങ്ങുകയോ ചെയ്ത് ചരിത്ര പ്രാധാന്യം നിലനിർത്തിക്കൊണ്ട് വികസിപ്പിക്കുന്നതിനുള്ള മാതൃകകൾ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. ഇസ്കാൻ ബാങ്ക് വഴി ഇത്തരം വീടുകളിൽ നിക്ഷേപം നടത്താനുള്ള അവസരവുമുണ്ട്. പേളിങ് പാത്ത് പദ്ധതി പൂർത്തിയാക്കുക, ബഹ്‌റൈനി കുടുംബങ്ങൾക്ക് അനുയോജ്യമായ പാർപ്പിട സൗകര്യങ്ങൾ ഒരുക്കുക എന്നിവയും ഈ വികസന ലക്ഷ്യങ്ങളുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.