ബഹ്റൈനിൽ സർക്കാർ സ്കൂൾ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിന് വിലക്ക് ; സർക്കുലറുമായി വിദ്യാഭ്യാസ മന്ത്രാലയം
മനാമ: സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, സ്കൂൾ പരിസരം, പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, പരിപാടികൾ എന്നിവയുടെ ചിത്രങ്ങളോ വീഡിയോകളോ ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് എല്ലാ സർക്കാർ സ്കൂളുകൾക്കും മന്ത്രാലയം ഔദ്യോഗിക സർക്കുലർ അയച്ചു. സ്കൂളുകളിലെ ജോലിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ, രേഖകൾ, ക്ലാസ് മുറികൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, സ്കൂൾ വിനോദയാത്രകൾ, പ്രത്യേക പരിപാടികൾ എന്നിവയ്ക്കെല്ലാം ഈ വിലക്ക് ബാധകമാണെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്കൂളുകളിലെ മുഴുവൻ ജീവനക്കാരും ഈ നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കിയെന്നും പാലിക്കാമെന്നും ഉറപ്പുവരുത്താൻ ഒപ്പ് രേഖപ്പെടുത്തിയ ലിസ്റ്റ് ബന്ധപ്പെട്ട എഡ്യൂക്കേഷൻ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിലേക്ക് അയച്ചുനൽകണമെന്നും സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്കൂളുകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ചിത്രീകരിക്കുന്നതിലും പങ്കുവെക്കുന്നതിലും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം എടുത്തുപറഞ്ഞു. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് നിലവിലെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമായി കണക്കാക്കി നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.