2.5 കിലോയിലധികം മയക്കുമരുന്നുമായി അഞ്ച് ഏഷ്യൻ പൗരന്മാർ പിടിയിൽ
മനാമ: ബഹ്റൈനിൽ മൂന്ന് വ്യത്യസ്ത മയക്കുമരുന്ന് കേസുകളിലായി അഞ്ച് ഏഷ്യൻ പൗരന്മാരെ ആന്റി-നാർക്കോട്ടിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 40,000 ബഹ്റൈനി ദിനാറിലധികം വിപണി മൂല്യം വരുന്ന 2.5 കിലോഗ്രാമിലധികം മയക്കുമരുന്നും ലഹരിവസ്തുക്കളും അധികൃതർ പിടിച്ചെടുത്തു. ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് 39 നും 46 നും ഇടയിൽ പ്രായമുള്ള പ്രതികളെ സുരക്ഷാസേന വലയിലാക്കിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലുള്ള ആന്റി-നാർക്കോട്ടിക് ഡയറക്ടറേറ്റാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. ഇതിൽ ഒരു കേസ് കസ്റ്റംസ് അഫയേഴ്‌സുമായി ചേർന്നുള്ള സംയുക്ത നീക്കത്തിലൂടെയാണ് പരിഹരിച്ചത്. പിടിച്ചെടുത്ത മയക്കുമരുന്ന് സാമഗ്രികളും പ്രതികളെയും തുടർന്നുള്ള നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ലഹരിമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിനും സമൂഹത്തെ ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലഹരിമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതരെ അറിയിക്കാൻ 996 എന്ന ഹോട്ട്ലൈൻ നമ്പറിലോ 996@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.