പൂർണ വളർച്ച എത്തും മുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ ! എവിടെയോ വായിച്ചതാണ്. പ്രായം നാൽപതിൽ എത്തി നിൽക്കുന്നെങ്കിലും മനസ് ഇപ്പോഴും പതിനാലിലും ഇരുപതിലുമായി തെന്നിക്കളിക്കുന്നു. ഇതിനു മാറ്റം ഉണ്ടാകില്ലേ ആവോ? പറഞ്ഞുവന്നത് ഇതൊന്നുമല്ല, പഴയ ഒരു ഓർമ തികട്ടിവന്നു ആകസ്മികമായി. ആ ഓർമയെ ഒന്നു മാറിനിന്നുനോക്കിയതാണ്.
വർഷങ്ങൾ ഒരു പത്തിരുപത്തഞ്ച് അല്ല മുപ്പതായി. പ്രത്യേകിച്ച് യാതൊരു പ്രത്യേകതകളും ഇല്ലാത്തൊരു വൈകുന്നേരം. അച്ഛൻ ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നുവായിക്കുന്നു. കുറച്ച് അപ്പുറത്തായി വരാന്തയിൽ ഞാനും എന്റെ മരാമത്ത് പണികളുമായി ഇരിപ്പുണ്ട്. അമ്മ അടുക്കളയിൽ ചായ പലഹാര നിർമിതിയിൽ വ്യാപൃതയാണ്. സന്ധ്യയായിട്ടില്ല, വെയിലാറിക്കഴിഞ്ഞിട്ടുണ്ട്. ഗേറ്റ് തുറക്കുന്ന 'കര കര ' ശബ്ദം. ഒരു സ്ത്രീയാണ്. അച്ഛൻ മുഖമുയർത്തി നോക്കി ഞാനും. ഒരു മധ്യവയസ്ക. യാതൊരു അപരിചിതത്വവും ഇല്ലാതെ കോലായിലേക്ക് കയറിയ അവരെ ഒരു നിമിഷം സംശയത്തോടെ അച്ചൻ നോക്കി. "രാധ.. ഞാൻ അനുരാധയാണ് " വന്നവർ പറഞ്ഞു. അച്ഛന്റെ അമ്പരപ്പ് ആഹ്ലാദത്തിന് വഴിമാറുന്നത് ഞാൻ അത്ഭുതതോടെ നോക്കിനിന്നു. പൊതുവെ കർക്കശകാരനായ ചിരിക്കാൻ പിശുക്ക് കാണിക്കുന്ന അച്ഛന്റെ ഭാവമാറ്റമാണ് അമ്പരപ്പുണ്ടാക്കിയത്. വരാന്തയിലെ ശബ്ദം കേട്ടാവണം അമ്മ പുറത്തേക്ക് വന്നു. എന്നെ സ്നേഹവായ്പോടെ ചേർത്ത് നിർത്തി അമ്മയോട് കുശലം പറഞ്ഞ് അവരിരുന്നു. അതുവരെ മങ്ങിയ വെയിലിന് മഞ്ഞനിറം വന്നപോലെ. അടുത്ത ഏതോ വീട്ടിലെയാണവർ. അച്ഛന്റെ പണ്ടത്തെ കളികൂട്ടുകാരി. ഇപ്പോ വിശാഖപട്ടണത്താണ്. "രാധ വന്ന കാര്യം" അച്ഛൻ ചോദിച്ചു. "വയറ്റിൽ ഒരു മുഴ വന്നിരിക്കുന്നു. സർജറി വേണമെന്നാണ് പറയുന്നത്, കുറച്ചധികം രൂപ വേണം. എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നറിയാൻ വന്നതാണ്" ആയമ്മ യാതൊരു സങ്കോചവും ഇല്ലാതെ വളരെ അടുപ്പമുള്ളവരോട് ആവശ്യപ്പെടും പോലെ പറഞ്ഞു. "നമുക്ക് ശരിയാക്കാം വിഷമിക്കാതിരിക്ക്"
അച്ഛന്റെ മറുപടി കേട്ട് ഞെട്ടിയത് അമ്മയാണ്. കാരണം കേവലം ഒരു പരിചയം വച്ച് കടമായിട്ടാണെങ്കിൽ പോലും കൊടുക്കാവുന്നതിലും കൂടുതൽ ആണ് വേണ്ടത്, ന്യായമായ ആവശ്യമാണെങ്കിൽ പോലും!! "അതു വേണോ?... ഇത്ര വലിയ തുക" അവർ പോയിക്കഴിഞ്ഞു അമ്മ ചോദിച്ചു.
‘പണ്ട് ഞാനൊന്നും അല്ലായിരുന്ന കാലത്ത് എന്നെ കൈപിടിച്ചുയർത്തിയ വലിയ മനുഷ്യന്റെ മകളാണ്. വന്നുചോദിക്കുമ്പോൾ ഇല്ലെന്ന് പറയാനാവില്ല’. ഓരോ രൂപയും അരിഷ്ടിച്ചു ചെലവാക്കിയിരുന്ന അച്ഛന്റെ മറുപടി എന്നെയും അതിശയിപ്പിച്ചു. അച്ഛൻ പി.എഫ് ലോൺ അവർക്ക് ശരിയാക്കി കൊടുത്തെന്നതും അമ്മയുടെ പരിഭവം പറച്ചിലുകളിൽ ഇടക്കിടെ വന്നുപോവാറുള്ള പരിദേവനമായി ഇതുമാറിയെന്നതും പിൽക്കാല ചരിത്രം.
തികഞ്ഞ സ്നേഹവായ്പോടെ അച്ഛൻ തിരിച്ചയച്ച പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ലാത്ത ആ സ്ത്രീ ആരായിരിക്കും?...വർഷങ്ങൾക്കിപ്പുറവും ഒരു സങ്കോചവും കൂടാതെ കടന്നുവന്നത്, തന്റെ ആവശ്യം പറയാൻ തക്കവണ്ണം എന്ത് ബന്ധമാവും അച്ഛനോട് അവർക്കുണ്ടാവുക.... ഏത് കല്ലിലും ഒരു ഉറവയുണ്ടാകുമല്ലോ..... ഏത് മനുഷ്യനിലും എത്ര കാലം കഴിഞ്ഞാലും അടിത്തട്ടിൽ ഉറഞ്ഞുകിടക്കുന്ന സ്നേഹത്തിന്റെ തെളിനീരുറവ. ഏതോ ആത്മബന്ധത്തിന്റെ ചങ്ങലയുടെ കണ്ണികളാകും അച്ഛനും അച്ഛന്റെ പ്രിയപ്പെട്ടവളും പിന്നെ ഈ ഞാനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.