എ.ഐ നിർമിത ചിത്രം

സൈക്കിളിൽ ആംപ്ലിഫയറും മൈക്കും; ഇന്നലെകളിലെ തെരഞ്ഞെടുപ്പോർമകൾ

നാടിന്റെ, പ്രത്യേകിച്ച് ഗ്രാമങ്ങളുടെ ഉത്സവകാലമാണ് ഓരോ തെരഞ്ഞെടുപ്പും. ചെറുതും വലുതുമായ സ്ക്രീനുകളിൽ മത്സരത്തിന്റെ വീറും വാശിയും പരമാവധി വിന്യസിക്കപ്പെട്ടുപോയ ഒരു കാലത്തു നിന്നും ഇന്നലെകളിലെ ആ ജനാധിപത്യ പോരാട്ട നാളുകൾ ഓർത്തെടുക്കുക എന്നത് പോലും വല്ലാത്തൊരു ഹരമുള്ള അനുഭവവും അനുഭൂതിയുമാണെന്ന് പറയാതെ വയ്യ. കുമ്മായം കൊണ്ടുള്ള ചുവരെഴുത്തുകളും ചായം കൊണ്ടെഴുതിയ ബാനറുകളും പിന്നെ സൈക്കിളിൽ ആംപ്ലിഫയറും മൈക്കും വെച്ച് കൊണ്ട് കുറെ ആളുകൾ സൈക്കിളിന്റെ മുന്നിലും പിന്നിലുമായി ഈണത്തിൽ മുദ്രാവാക്യം വിളിച്ചു കൊണ്ടുള്ള പ്രകടനങ്ങളും!

കുട്ടിയായിരുന്ന കാലത്തെ തെരഞ്ഞെടുപ്പ് ദിവസങ്ങൾ അക്ഷരാർഥത്തിൽ ഒരു ആഘോഷത്തിന്റെ മൂഡ് തന്നെയായിരുന്നു സമ്മാനിച്ചത്. സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും അച്ചടിച്ച തൊപ്പിയും ബാഡ്ജുമൊക്കെ വെച്ച് പോളിങ് ബൂത്തിനടുത്ത് കെട്ടി ഉയർത്തുന്ന രാഷ്ട്രീയ പാർട്ടികളുടെ ചെറിയ പന്തലുകളിൽ കൂട്ടംകൂടി നിന്നിരുന്ന ആ കുട്ടിക്കാലം ഇന്നും സുഖമുള്ള, നിറമുള്ള, നിനവുകൾ തന്നെയാണ്.

മിക്ക തെരഞ്ഞെടുപ്പ് ദിവസവും ഭക്ഷണം ഉണ്ടാകാറുള്ളത് ഹംസ എളാപ്പയുടെ വീട്ടിൽ ആയതിനാൽ നാട്ടുകാർ മാത്രമല്ല ഞങ്ങൾ കുടുംബക്കാരും അന്ന് ആ വീട്ടിൽ ഒത്തുകൂടാറുണ്ടായിരുന്നു. രാവിലെ മരച്ചീനിയും മീൻ കറിയും പിന്നെ സാമ്പാറും ചോറും അതായിരുന്നു സ്ഥിരം മെനു. പോസ്റ്റർ കീറുക എന്നതാണ് ഇലക്ഷൻ ദിവസം ഞങ്ങളുടെ കുട്ടികളുടെ അവസാനത്തെ കലാ പരിപാടി. കോൺഗ്രസിന്റെ പോസ്റ്ററുകൾ ആണ് അന്ന് മൾട്ടി കളറിൽ അച്ചടിച്ചിരുന്നത്. മാർക്സിസ്റ്റ് പാർട്ടിയുടേത് മൊത്തം ചുവപ്പ് കളർ മാത്രമായിരിക്കും. പിറ്റേന്ന് സ്കൂളിലേക്ക് പോകുമ്പോൾ പലരുടെയും ടെക്സ്റ്റ്‌ ബുക്കുകൾ ഈ പോസ്റ്റർ കൊണ്ട് പൊതിഞ്ഞിട്ടുണ്ടാവും. പുഞ്ചിരി തൂകുന്ന രാജീവ് ഗാന്ധിയും ഇ.എം.എസുമൊക്കെ ബെഞ്ചിൽ നിരന്നു നിൽക്കുന്നുണ്ടാവും.

ഇനി വോട്ടെണ്ണൽ ദിവസം ജോലിക്കൊന്നും പോകാതെ എല്ലാവരും റേഡിയോയുടെ മുന്നിൽ കാത് കൂർപ്പിച്ചുനിൽക്കുന്നതും ഇന്ന് ആലോചിക്കുമ്പോൾ ഒരു കൗതുകം തുളുമ്പുന്ന ഓർമ തന്നെയാണ്. ഇടക്കിടെ ഉണ്ടാവുന്ന ഫ്ലാഷ് ബുള്ളറ്റിനുകളിൽ ജനവിധി മാറി മറിയുന്ന വാർത്തകൾക്ക്‌ മുന്നിൽ ഇരമ്പി മറിയുന്ന ഹൃദയവുമായി നിൽക്കുന്ന നിഷ്കളങ്കരായ മനുഷ്യർ സുഖമുള്ള നാട്ടോർമകളിൽ നിറഞ്ഞുതന്നെ നിൽക്കുന്നുണ്ട്.

ജീവിതമില്ലാത്ത കുറെ ജീവിതങ്ങൾ അനവധി മനുഷ്യരെ മനോഹരമായി ജീവിപ്പിക്കാനായി പെടാപ്പാട് പെടുന്ന ഈ പ്രവാസ മണ്ണിൽ നിന്നും കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ എന്റെ മണിയൂരിനെപ്പറ്റി ആലോചിക്കുമ്പോൾ ഒരുപാട് വികസന പ്രവർത്തനങ്ങൾ ബാക്കി കിടക്കുന്നുണ്ട്. ടൂറിസത്തിനും, വ്യവസായശാലകൾക്കുമൊക്കെ ഒരു പാട് സാധ്യതകളുള്ള ഈ മണ്ണിനെ ഇനിയും ഒരു പാട് ഉപയോഗപ്പെടുത്താൻ പുതുതായി കടന്നുവരുന്ന കക്ഷികൾക്ക് കഴിയട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.

അയൽ ഗ്രാമങ്ങളെ പോലെ വലിയൊരു ടൗൺ, ബസ് സ്റ്റാൻഡ് തുടങ്ങി പലതും ഒരു നാട്ടുകാരൻ എന്ന നിലയിൽ നാടിനെപ്പറ്റി എന്റെ മോഹങ്ങളാണ്. നാടിന്റെയും കുടുംബത്തിന്റെയുമൊക്കെ ഉയർച്ചകൾ അകലെ നോക്കിക്കണ്ട് നിർവൃതിയണയുന്ന നിസ്സഹായതയുടെ പേര് കൂടിയാണല്ലോ പ്രവാസം എന്നത്. പ്രതീക്ഷകളുടെ പുലരികൾ പൊട്ടിവിടരട്ടെ. പ്രത്യാശയുടെ നാമ്പുകൾ കിളിർത്തുവരട്ടെ. ഭാവിയിലേക്ക് കാഴ്ചയും കാഴ്ചപ്പാടുകളുമുള്ള ജനപ്രതിനിധികൾ എല്ലാ സ്ഥലത്തും വിജയിച്ചുവരട്ടെ.

Tags:    
News Summary - Amplifier and microphone on a bicycle; memories of yesterday's elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.