പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് ഇന്നലെ ഉദ്ഘാടനം ചെയ്ത ഇസാ ടൗണിലെ ഫ്ലൈഓവർ 

ബഹ്റൈനിലെ ഇസാ ടൗൺ ഫ്ലൈഓവർ ഗതാഗതത്തിനായി തുറന്നുകൊടുത്തു

മനാമ: ബഹ്റൈനിലെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമുള്ള ഇസാ ടൗൺ നോർത്ത് ഇന്റർചേഞ്ച് പദ്ധതിയുടെ ആദ്യ ഘട്ടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് ഫ്ലൈഓവർ ഗതാഗതത്തിനായി തുറന്നുകൊടുത്തു.

ഉപപ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള വികസന-അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള മന്ത്രിതല സമിതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന തന്ത്രപ്രധാനമായ പദ്ധതിയാണിത്. റിഫ, ആലി, സനദ്, സൽമാബാദ്, ഈസാ ടൗൺ തുടങ്ങിയ പ്രധാന പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും ഗതാഗതം സുഗമമാക്കുന്നതിലും ഈ പദ്ധതി നിർണായക പങ്ക് വഹിക്കും.

ശൈഖ് സൽമാൻ ഹൈവേയിൽ ഇരുവശങ്ങളിലേക്കും മൂന്ന് ലെനുകൾ വീതമുള്ളതാണ് പുതിയ ഫ്ലൈഓവർ. ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഇന്റർചേഞ്ചിന്റെ ശേഷി മണിക്കൂറിൽ 22,000-ത്തിലധികം വാഹനങ്ങളായി വർദ്ധിക്കുമെന്ന് മന്ത്രി അൽ ഹവാജ് വ്യക്തമാക്കി. മനാമ ഗവർണറേറ്റ്, വടക്കൻ, തെക്കൻ ഗവർണറേറ്റുകളെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ പ്രധാന പാതകളിലൊന്നായ ശൈഖ് സൽമാൻ ഹൈവേയിലെ ഗതാഗതക്കുരുക്കിന് ഇത് വലിയ തോതിൽ പരിഹാരമാകും.

ശൈഖ് സൽമാൻ ഹൈവേയും അമ്മാൻ അവന്യൂ, സൽമാബാദ് അവന്യൂ എന്നിവയും ചേരുന്ന ജങ്ഷൻ നവീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ശൈഖ് സൽമാൻ ഹൈവേയിൽ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാൻ ഇരുവശങ്ങളിലേക്കും മൂന്ന് ലൈനുകളുള്ള ഫ്ലൈഓവറും, അമ്മാൻ-സൽമാബാദ് അവന്യൂകളിലെ ഗതാഗതം സുഗമമാക്കാൻ സിഗ്നലുകളോടുകൂടിയ പുതിയ ജങ്ഷനും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മഴവെള്ള ഡ്രൈനേജ്, റോഡ് ടാറിങ്, നടപ്പാതകളുടെ നവീകരണം, ലാൻഡ്സ്കേപ്പിംഗ്, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.

Tags:    
News Summary - "The Isa Town flyover in Bahrain has been opened to traffic."

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.