മനാമ: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവള ശുചിമുറികൾക്കുള്ള റാങ്കിങിങ്ങിൽ ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട് (ബി.എ.എച്ച്) നാലാം സ്ഥാനം നേടി. ആഗോള വിമാനത്താവളങ്ങളെ വിലയിരുത്തുന്ന പ്രമുഖ സ്ഥാപനമായ സ്കൈട്രാക്സ് ആണ് 2025ലെ ഈ പട്ടിക പുറത്തിറക്കിയത്. ലോകമെമ്പാടുമുള്ള 235 വിമാനത്താവളങ്ങളെ വിലയിരുത്തിക്കൊണ്ടാണ് ഈ റാങ്കിങ് തയാറാക്കിയത്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിൽ ശുചിമുറികളുടെ ഗുണനിലവാരം ഒരു പ്രധാന ഘടകമായി മാറിയെന്ന് ഈ റാങ്കിങ് സൂചിപ്പിക്കുന്നു.
ആധുനികതയും പൗരസ്ത്യ ശൈലിയും സമന്വയിപ്പിച്ച ശുചിമുറി സൗകര്യങ്ങളാണ് ബഹ്റൈൻ എയർപോർട്ടിനെ ഈ നേട്ടത്തിന് അർഹമാക്കിയത്. മാർബിൾ ഉപയോഗിച്ചുള്ള നിർമാണം, സ്വർണ അലങ്കാരങ്ങൾ, പ്രീമിയം സുഗന്ധങ്ങൾ, പ്രാർഥനാ സൗകര്യങ്ങൾ, കൂടാതെ പ്രാദേശിക കാലാവസ്ഥക്കനുസരിച്ച് ക്രമീകരിച്ച താപനില നിയന്ത്രിത ഇടങ്ങൾ എന്നിവയാണ് ബഹ്റൈൻ എയർപോർട്ടിന്റെ ശുചിമുറികളെ വേറിട്ടുനിർത്തുന്നത്.
റാങ്കിങ്ങിൽ സിംഗപ്പൂർ ചാങ്ങി എയർപോർട്ടാണ് ഒന്നാം സ്ഥാനത്ത്. മാർബിൾ ഫിനിഷിങ്, മനോഹരമായ വെളിച്ചം, പ്രകൃതിദത്ത സസ്യങ്ങൾ, ആശുപത്രിക്ക് സമാനമായ ശുചിത്വം എന്നിവയാണ് ഇവിടത്തെ പ്രത്യേകതകൾ. ടോക്യോ ഹനേഡ എയർപോർട്ട് രണ്ടാം സ്ഥാനത്തും ഇഞ്ചിയോൺ എയർപോർട്ട്, സിയോൾ മൂന്നാം സ്ഥാനത്തുമെത്തി. ഹോങ്കോങ് ഇന്റർനാഷനൽ എയർപോർട്ടാണ് ബഹ്റൈന് തൊട്ടു പിന്നിലായി അഞ്ചാം സ്ഥാനത്തുള്ളത്.
ശുചിമുറികൾ കേവലം അടിസ്ഥാന സൗകര്യങ്ങളിൽ നിന്ന് യാത്രാ അനുഭവത്തിന്റെ അവിഭാജ്യഘടകമായി മാറിയെന്ന് ഈ പട്ടിക വ്യക്തമാക്കുന്നു. വർധിച്ചുവരുന്ന ആഗോള മത്സരത്തിൽ, യാത്രക്കാരുടെ സംതൃപ്തി വർധിപ്പിക്കുന്നതിനായി ശുചിത്വം, സൗകര്യം, നൂതന സാങ്കേതികവിദ്യ തുടങ്ങിയ ചെറിയ കാര്യങ്ങളിൽ പോലും വിമാനത്താവളങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യാത്രക്കാർക്ക് ‘ഫൈവ് സ്റ്റാർ സേവനം’ നൽകുന്നതിൽ വിമാനത്താവളങ്ങൾ എത്രത്തോളം ശ്രദ്ധ ചെലുത്തുന്നു എന്നതിന്റെ സൂചനയാണ് ഈ റാങ്കിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.