മനാമ: കെട്ടിടനിർമാണ ലംഘനങ്ങളും മാറ്റങ്ങളും കണ്ടെത്താൻ എ.ഐ അധിഷ്ഠിത സംവിധാനം നടപ്പാക്കാൻ ബഹ്റൈൻ സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ അതോറിറ്റി ആഗോള കമ്പനിയായ അയ്റ്റോസ്കിയുമായി കരാർ ഒപ്പിട്ടു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിനാണ് കരാറായത്. സർക്കാർപ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കാനും സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു പ്രധാന സംരംഭമാണിതെന്ന് അതോറിറ്റി ചെയർമാൻ എൻജിനീയർ ബാസിം ബിൻ യാഖൂബ് അൽ ഹമ്മർ പറഞ്ഞു. എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ, പ്രവർത്തനക്ഷമതയും വിവരങ്ങളുടെ കൃത്യതയും വർധിപ്പിക്കാനും തീരുമാനമെടുക്കൽ വേഗത്തിലാക്കാനും സമൂഹത്തിന് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ ഉയർത്താനും ഞങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പദ്ധതി സർക്കാർ പദ്ധതികളുടെ (2023-2026) ലക്ഷ്യങ്ങളുമായി, പ്രത്യേകിച്ച് ഭരണപരമായ പ്രകടനത്തിലും ഡിജിറ്റൽ പരിവർത്തനത്തിലും യോജിച്ചതാണ്.
രണ്ടാം ഘട്ടത്തിലൂടെ അതോറിറ്റിയിൽ എ.ഐ സാങ്കേതികവിദ്യകൾ തദ്ദേശീയമാക്കാനും ഈ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ദേശീയ ശേഷികൾ വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. ബഹ്റൈനിലുടനീളമുള്ള പ്രകൃതി, നഗര മാറ്റങ്ങളെക്കുറിച്ചുള്ള സമഗ്രവും വിശ്വസനീയവുമായ നിരീക്ഷണം ഉറപ്പാക്കാൻ ഈ പദ്ധതി ഉപഗ്രഹചിത്രങ്ങളെ മാത്രം ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
മുനിസിപ്പാലിറ്റി കാര്യങ്ങൾ, കൃഷി മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ച് നടത്തിയ ആദ്യ ഘട്ടത്തിൽ നിരീക്ഷണ കാര്യക്ഷമതയിൽ 60 ശതമാനത്തിലധികം വർധന രേഖപ്പെടുത്തിയതായി അൽ ഹമ്മർ ചൂണ്ടിക്കാട്ടി. പുതിയ ഘട്ടത്തിൽ ഒന്നിലധികം സർക്കാർ ഏജൻസികളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കും. ഇത് വിവരങ്ങൾ സംയോജിപ്പിക്കുന്നതിനും മൊത്തത്തിലുള്ള സർക്കാർ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.