മനാമ: ബഹ്റൈന് ശോഭനമായ ഭാവിയുണ്ടെന്നും രാജ്യം വിവേകത്തോടെ പ്രവർത്തിച്ചാൽ വലിയ വിജയം നേടുമെന്നും ബഹ്റൈനിലെ അമേരിക്കൻ അംബാസഡർ സ്റ്റീവൻ ബോണ്ടി. മൂന്നു വർഷത്തെ സർവിസ് കഴിഞ്ഞ് പോകുന്ന സാഹചര്യത്തിൽ സാറിലെ തന്റെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനുമായി അമേരിക്കക്ക് മികച്ച ബന്ധമാണുള്ളതെന്നും സഹകരണം, സുരക്ഷ, സമാധാനം എന്നിവയിലുള്ള പൊതു താൽപര്യങ്ങളാണ് ഇരു രാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷത്തെ തന്റെ സേവന കാലയളവിലെ നേട്ടങ്ങൾ, യു.എസ്-ബഹ്റൈൻ ഉഭയകക്ഷി ബന്ധം, സുരക്ഷ ക്രമീകരണങ്ങൾ, പ്രാദേശിക സുരക്ഷ എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സുരക്ഷ, വ്യാപാരം, വിദ്യാഭ്യാസം, നൂതനാശയങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും നമ്മുടെ ബന്ധം കൂടുതൽ ദൃഢവും ശക്തവുമായി. 2023 സെപ്റ്റംബറിൽ ഒപ്പുവെച്ച കോംപ്രിഹെൻസിവ് സെക്യൂരിറ്റി ഇന്റഗ്രേഷൻ ആൻഡ് പ്രോസ്പെരിറ്റി എഗ്രിമെന്റ് (സി-എസ്.ഐ.പി.എ) ആണ് ഈ വളർച്ചയുടെ ഏറ്റവും വലിയ ഉദാഹരണം. ഈ കരാർ നമ്മുടെ പങ്കാളിത്തത്തിന്റെ മൂലക്കല്ലാണ്. ഇത് സുരക്ഷ വർധിപ്പിക്കാനും സാമ്പത്തിക സഹകരണത്തിന് അടിത്തറയിടാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി-എസ്.ഐ.പി.എ കരാറിൽ ഈ വർഷം യു.കെയും അംഗമായത് സഹകരണം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം നടന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ യു.എസ് സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ മെച്ചപ്പെടുത്തി.
ഈ സന്ദർശനത്തിൽ ഗൾഫ് എയറിന് ന്യൂയോർക്കിലേക്ക് പുതിയ നേരിട്ടുള്ള വിമാന സർവിസ് ഉൾപ്പെടെയുള്ള സുപ്രധാന കരാറുകൾക്കും നിക്ഷേപങ്ങൾക്കും വഴിയൊരുങ്ങി. ശാസ്ത്ര സാങ്കേതിക രംഗത്തും ബഹിരാകാശ പര്യവേക്ഷണത്തിലും ഇരു രാജ്യങ്ങളും തമ്മിൽ പുതിയ അധ്യായങ്ങൾ തുറന്നിട്ടുണ്ട്. ബഹ്റൈൻ നിർമിച്ച അൽമുൻദിർ ഉപഗ്രഹം യു.എസ് സ്പേസ് എക്സ് റോക്കറ്റിൽ വിക്ഷേപിച്ചത് ഇതിന് ഉദാഹരണമാണ്.
“ബഹ്റൈനിലെ യുവജനങ്ങൾ ഉയർന്ന വിദ്യാഭ്യാസമുള്ളവരും കഠിനാധ്വാനികളും ലക്ഷ്യബോധമുള്ളവരുമാണ്. ഇത് ബഹ്റൈന്റെ ശോഭനമായ ഭാവിക്ക് മുതൽക്കൂട്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും സ്റ്റീവൻ പറഞ്ഞു. ഗസ്സയിലെ സംഘർഷം, ഇറാൻ, ചൈനയുടെ സ്വാധീനം തുടങ്ങിയ വെല്ലുവിളികളെക്കുറിച്ച് ചോദിച്ചപ്പോൾ, സമാധാനവും സ്ഥിരതയുമാണ് ഇരു രാജ്യങ്ങളുടെയും പൊതുവായ ലക്ഷ്യമെന്നും അദ്ദേഹം മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.