അക്കാദമി നാടകമത്സരം: ബഹ്റൈനില്‍ നാല് അവാര്‍ഡുകള്‍

മനാമ: കേരള സംഗീത നാടക അക്കാദമി ഗള്‍ഫ് മേഖലയിലെ നാടക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിവരുന്ന മൂന്നാമത് നാടകമത്സരത്തിന്‍െറ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബഹ്റൈനില്‍ നിന്ന് നാലുപേര്‍ അവാര്‍ഡിനര്‍ഹരായി. ഹരീഷ് മേനോന്‍ സംവിധാനം ചെയ്ത ‘കഥാര്‍സിസ്’ എന്ന നാടകത്തിലെ കാളിയപ്പ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയശങ്കര്‍ മുണ്ടച്ചേരിയാണ് മികച്ച നടന്‍. അനില്‍ സോപാനം സംവിധാനം ചെയ്ത ‘നാഴിമണ്ണ്’ ആണ് മികച്ച രണ്ടാമത്തെ നാടകം.
 ‘കഥാര്‍സിസില്‍’ രാധാകൃഷ്ണന്‍ എന്ന കഥാപാത്രമായി വേഷമിട്ട ശിവകുമാര്‍ കൊല്ലറോത്ത്, എസ്.ആര്‍. ഖാന്‍ സംവിധാനം ചെയ്ത ‘അമ്മവിത്തുകള്‍’ എന്ന നാടകത്തിലെ കാത്തയെ അവതരിപ്പിച്ച സൗമ്യ കൃഷ്ണപ്രസാദ് എന്നിവര്‍ ജൂറിയുടെ പ്രത്യേക പുരസ്കാരത്തിനും അര്‍ഹമായി.
ആകെ അഞ്ച് നാടകങ്ങളാണ് ബഹ്റൈനില്‍ അവതരിപ്പിച്ചത്. മറ്റ് മേഖലകളിലെ നാടകങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബഹ്റൈനില്‍ അവതരിപ്പിച്ച നാടകങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
വടകര സ്വദേശിയായ ശിവകുമാര്‍ കൊല്ലറോത്ത് 18 വര്‍ഷമായി ബഹ്റൈന്‍ പ്രവാസിയാണ്. കേരളത്തിലും ബഹ്റൈനിലും നാടകവേദികളില്‍ സജീവമാണ്. സംസ്ഥാന നാടകമത്സരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബഹ്റൈനില്‍ അവതരിപ്പിക്കപ്പെട്ട അനീഷ് മടപ്പള്ളിയുടെ ‘വേഷം’, എസ്.ആര്‍. ഖാന്‍െറ ‘കള്ളനും പൊലീസും’, വിഷ്ണു നാടകഗ്രാമത്തിന്‍െറ ‘മധ്യധരണ്യാഴി’ എന്നീ നാടകങ്ങളിലൂടെ മൂന്നുതവണ  മികച്ച നടനായി. 
എറണാകുളം സ്വദേശിയായ അനില്‍ സോപാനം 10ഓളം നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. റേഡിയോ നാടകങ്ങളിലും സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
 അനില്‍ സംവിധാനം ചെയ്ത ‘നാഴിമണ്ണി’ന്‍െറ രചന നിര്‍വഹിച്ചത് പ്രദീപ് മണ്ടൂരാണ്. നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിനെ തേടിയത്തെിയിട്ടുണ്ട്. 
തൃശൂര്‍ സ്വദേശിനിയായ സൗമ്യ കൃഷ്ണപ്രസാദ് നാല് വര്‍ഷമായി ബഹ്റൈനിലുണ്ട്. ഇതിനകംഏഴ് അമച്വര്‍ നാടകങ്ങളിലും രണ്ട് റേഡിയോ നാടകങ്ങളിലും അഭിനയിച്ചു. ഉദയന്‍ കുണ്ടംകുഴി, സാംകുട്ടി പട്ടംകരി എന്നിവരുടെ ക്യാമ്പുകളില്‍ പരിശീലനം നേടിയിട്ടുണ്ട്. 
സാംകുട്ടിയുടെ ‘ഒറ്റ്’, സുരേഷ് പെണ്ണൂക്കരയുടെ ‘പനിയന്‍’, ദിനേശ് കുറ്റിയിലിന്‍െറ ‘ശൂരനാടിന്‍െറ മക്കള്‍’, മോഹന്‍രാജിന്‍െറ ‘ഒരു വാക്കിന്നുമപ്പുറം’ എന്നിവയിലും റേഡിയോ നാടകങ്ങളായ ‘നേര്‍ച്ചകൊച്ചന്‍’, ‘സര്‍വൈവല്‍’ എന്നിവയിലും വേഷമിട്ടു.
 ‘ഒറ്റി’ലൂടെ രണ്ടാമത്തെ മികച്ച നടിയായും ‘സര്‍വൈവലി’ലൂടെ മികച്ച നടിയായും പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
 ഇന്‍ഷുറന്‍സ് ഓഫിസില്‍ ജോലി ചെയ്യുന്ന കൃഷ്ണപ്രസാദ് ഭര്‍ത്താവും സൂര്യ കൃതാര്‍ഥ് മകനുമാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.