മന്ത്രിസഭാ യോഗം: കൊല്ലപ്പെട്ട സൈനികര്‍ക്കായി അനുശോചനം

മനാമ: യമനെ ഹൂതി തീവ്രവാദികളില്‍ നിന്ന് മോചിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സഖ്യസേനയിലെ അഞ്ച് ബഹ്റൈന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍  മന്ത്രിസഭാ യോഗം അനുശോചനം രേഖപ്പെടുത്തി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ, ബി.ഡി.എഫ് കമാണ്ടര്‍ ചീഫ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ഖലീഫ, കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍, നാട്ടുകാര്‍, ബഹ്റൈന്‍ ജനത എന്നിവര്‍ക്കെല്ലാം മന്ത്രിസഭ അനുശോചനം നേര്‍ന്നു. കൂടാതെ യമനിലെ തീവ്രവാദി അക്രമണത്തില്‍ കൊല്ലപ്പെട്ട സൗദി സൈനികര്‍ക്ക് വേണ്ടിയും യു.എ.ഇ സൈനികര്‍ക്ക് വേണ്ടിയും സഭ അനുശോചനം രേഖപ്പെടുത്തി. ധീരന്‍മാരായ ജവാന്മാരില്‍ രാജ്യം അഭിമാനം കൊള്ളുന്നതായും അവരുടെ രക്തസാക്ഷിത്വം ദൈവം സ്വീകരിക്കട്ടെയെന്നും  പ്രാര്‍ഥിച്ചു. കൊല്ലപ്പെട്ട ജവാന്മാരുടെ ബന്ധുക്കള്‍ക്ക് വേണ്ടിയും പ്രാര്‍ഥിച്ചു. സൗദിയിലെയും യു.എ.ഇയിലെയും കൊല്ലപ്പെട്ട ജവാന്മാര്‍ക്കായി സൗദി, യു.എ.ഇ ഭരണാധികാരികള്‍ക്കും സൈനികരുടെ ബന്ധുക്കള്‍ക്കും മുഴുവന്‍ ജനങ്ങള്‍ക്കും അനുശോചനം നേര്‍ന്നു. ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക്  ജീവന്‍ നല്‍കിയ പോരാളികള്‍ എല്ലാവര്‍ക്കും പ്രചോദനമാകുമെന്നും മേഖലയെ എല്ലാവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ ഇവരുടെ രക്തസാക്ഷിത്വം കാരണമാകുമെന്നും വിലയിരുത്തി. 
കുടുംബ തര്‍ക്കങ്ങളില്‍ ഒത്തുതീര്‍പ്പുകള്‍ക്ക്  കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തു. സിവില്‍ കേസുകളുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങള്‍ പരിഷ്കരിക്കുന്നതിന് സഭ അംഗീകാരം നല്‍കി. കോടതികളിലുള്ള കുടുംബ കേസുകളും തര്‍ക്കങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനുള്ള നിയമവും പരിഷ്കരിച്ചവയില്‍ പെടും.  
വേനലില്‍ ഉച്ചവിശ്രമം നടപ്പാക്കിയതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തൊഴില്‍ മന്ത്രി സഭയില്‍ വെച്ചു. പാര്‍ലമെന്‍റില്‍ നിന്നുള്ള ഏതാനും നിര്‍ദേശങ്ങളും സഭ ചര്‍ച്ച ചെയ്തു. 
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.