മനാമ: ബഹ്‌റൈനിലെ സ്വദേശികൾക്ക് മുൻസിപ്പാലിറ്റി നൽകുന്ന സൗജന്യ വേസ്റ്റ് സഞ്ചികൾ പ്രമുഖ സൂപ്പർമാർക്കറ്റുകൾ വഴി വിതരണം ചെയ്യണമെന്ന നിർദ്ദേശം മുൻസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം നിരസിച്ചു. മുൻപ് നടത്തിയ സമാനമായ പരീക്ഷണങ്ങൾ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ തീരുമാനം. 'സഹൽ' മെഷീനുകൾ വഴിയുള്ള വിതരണത്തിൽ പലപ്പോഴും തകരാറുകൾ സംഭവിക്കുന്നതായും സ്റ്റോക്ക് തീർന്നുപോകുന്നതായും പരാതി ഉയർന്നിരുന്നു. ഇതിന് പരിഹാരമായി നോർത്തേൺ മുൻസിപ്പൽ കൗൺസിലാണ് സൂപ്പർമാർക്കറ്റുകൾ വഴി വിതരണം ചെയ്യണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്.
നേരത്തെ വലിയ റീട്ടെയിൽ സ്റ്റോറുകൾ വഴി വിതരണം ചെയ്യാൻ ശ്രമിച്ചപ്പോൾ അത് വേണ്ടത്ര വിജയിച്ചില്ലെന്ന് മറുപടിയായി മുൻസിപ്പാലിറ്റി കാര്യ അണ്ടർ സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു. മെഷീനുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും സ്റ്റോക്ക് തീരുന്നില്ലെന്നും ഉറപ്പാക്കാൻ പ്രത്യേക ക്ലീനിംഗ് കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ സ്മാർട്ട് ഐഡികൾ ഉപയോഗിച്ച് വേഗത്തിൽ ബാഗുകൾ ലഭിക്കുന്നതിനായി സോഫ്റ്റ്‌വെയറുകൾ പരിഷ്കരിച്ചിട്ടുമുണ്ട്.
കൗൺസിലർ അബ്ദുള്ള ആശൂറാണ് വിതരണത്തിലെ അപാകതകൾ സഭയിൽ ഉന്നയിച്ചത്. രാജ്യത്താകെ 20-ൽ താഴെ മെഷീനുകൾ മാത്രമാണുള്ളതെന്നും മാസാന്ത്യത്തിൽ ഇവയിൽ സ്റ്റോക്ക് തീരുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർമാർക്കറ്റുകൾ വഴി വിതരണം ചെയ്യുന്നത് പ്രായമായവർക്കും മറ്റും ഏറെ ആശ്വാസകരമാകുമെന്നായിരുന്നു കൗൺസിലിന്റെ നിലപാട്. മന്ത്രാലയത്തിന്റെ ഈ തീരുമാനം നോർത്തേൺ മുൻസിപ്പൽ കൗൺസിലിൽ ചർച്ച ചെയ്യും. കൗൺസിൽ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും. മന്ത്രിസഭ എടുക്കുന്ന തീരുമാനമായിരിക്കും അന്തിമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.