കലയുടെ ദിനരാത്രങ്ങള്‍ക്കായി സമാജം ഒരുങ്ങുന്നു: ബാല കലോത്സവം 22ന് തുടങ്ങും

മനാമ: ബഹ്റൈനിലെ മലയാളി ബാലികാ-ബാലന്‍മാര്‍ മാറ്റുരക്കുന്ന ഏറ്റവും വലിയ കലാ-സാഹിത്യോത്സവമായ കേരളീയ സമാജം ‘ദേവ്ജി ബാലകലോത്സവം’ ഈ മാസം 22ന് തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലോത്സവത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമാജം അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്കും അവസരം നല്‍കുന്നുണ്ട്. അത് ഇത്തവണയും തുടരുമെന്ന് പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍, ജനറല്‍ സെക്രട്ടറി വി.കെ പവിത്രന്‍ എന്നിവര്‍ പറഞ്ഞു.  കേരളത്തിലെ സ്കൂള്‍ യുവജനോത്സവ മാനദണ്ഡമനുസരിച്ചാണ് ഇവിടെയും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.  
ഓണ്‍ലൈന്‍ ആയാണ് ഈ വര്‍ഷം കലോത്സവത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. www.bksbahrain.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാവുന്നതാണ്.  . ഇതിനു പ്രയാസമുള്ളവരെ സഹായിക്കുന്നതിനായി  സമാജത്തില്‍ എല്ലാ ദിവസവും രാത്രി 7മുതല്‍ 10 മണി വരെ ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തിക്കും. 
വയസിന്‍െറ അടിസ്ഥാനത്തില്‍ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 2008 ഏപ്രില്‍ 1നും  2010 മാര്‍ച്ച് 31നും  ഇടയില്‍ ജനിച്ച കുട്ടികള്‍ ഒന്നാമത്തെ ഗ്രൂപ്പിലും, 2006 ഏപ്രില്‍  1നും  2008 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ചവര്‍ രണ്ടാമത്തെ  ഗ്രൂപ്പിലും, 2004 ഏപ്രില്‍ 1നും 2006 മാര്‍ച്ച് 31നും ഇടയിലുള്ളവര്‍  മൂന്നാമത്തെ  ഗ്രൂപ്പിലും 2001 ഏപ്രില്‍ 1നും  2004 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ചവര്‍ നാലാമത്തെ  ഗ്രൂപ്പിലും 1998 ഏപ്രില്‍ 1നും  2001 മാര്‍ച്ച് 31 നും ഇടയില്‍ ജനിച്ചവര്‍ അഞ്ചാമത്തെ ഗ്രൂപ്പിലും ഉള്‍പ്പെടും. 
ഈ വര്‍ഷവും കലാപ്രതിഭ, കലാതിലകം ,ബാലതിലകം ,ബാലപ്രതിഭ, സാഹിത്യരത്ന ,സംഗീത രത്ന,നാട്യരത്ന എന്നീ പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്കും അവാര്‍ഡ് നല്‍കും. 
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഈ മാസം 13 ആണ്. പ്രാരംഭ ലിസ്റ്റ് സെപ്റ്റംബര്‍ 14 ന് വെബ്സൈറ്റിലും സമാജം നോട്ടീസ് ബോര്‍ഡിലും ലഭ്യമാക്കും.തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ 16ന് മുമ്പ് അറിയിക്കണം. ഫൈനല്‍ ലിസ്റ്റ് 17ന് പ്രസിദ്ധീകരിക്കും. ബാലകലോത്സവത്തിന്‍െറ പ്രോഗ്രാം ഷെഡ്യൂള്‍ സെപ്റ്റംബര്‍ 18ന് പ്രസിദ്ധീകരിക്കും. 
സെപ്റ്റംബര്‍ 22 മുതല്‍  26 വരെ നീളുന്ന പരിപാടി വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍  അണിയറയില്‍ സജീവമാണ്. അനീഷ് ശ്രീധരന്‍ ആണ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍. 50 അംഗ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം കുട്ടികളുടെ വലിയ തോതിലുള്ള പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ അനീഷ് ശ്രീധരനെ (39401394) വിളിക്കാം. ഇ.കെ.പ്രദീപന്‍, വൈസ് പ്രസിഡന്‍റ് കെ.അബ്ദുറഹ്മാന്‍, ജയകുമാര്‍, ദേവദാസ് കുന്നത്ത് എന്നിവരും പങ്കെടുത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.