മനാമ: ബഹ്റൈനിൽ വിവിധ കേസുകളിലായി 17 കിലോ മയക്കുമരുന്നുമായി 12 പേരെ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ ഏകദേശം 2,27,000 ബഹ്റൈനി ദിനാറിലധികം (ഏകദേശം അഞ്ച് കോടിയിലധികം ഇന്ത്യൻ രൂപ) വിലവരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
23നും 49നും ഇടയിൽ പ്രായമുള്ള വിവിധ രാജ്യക്കാരാണ് പിടിയിലായത്. കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് നടത്തിയ പരിശോധനകളിലാണ് പ്രതികൾ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിയുകയും ലഹരിമരുന്ന് സഹിതം പിടികൂടുകയുമായിരുന്നു.
പിടിച്ചെടുത്ത തൊണ്ടിമുതലുകൾ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ജനകീയ പങ്കാളിത്തം പ്രധാനമാണെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഓർമിപ്പിച്ചു.
ലഹരിമരുന്ന് സംബന്ധിച്ച വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും, വിവരങ്ങൾ ഉള്ളവർ 996 എന്ന ഹോട്ട്ലൈൻ നമ്പറിലോ 996@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.