ആൽവാർ (രാജസ്ഥാൻ): രാജസ്ഥാനിലെ ആൽവാറിൽ മരം വെട്ടിയതിന് മുസ്‍ലിം യുവാവിനെ തല്ലിക്കൊന്നു. വ്യാഴാഴ്‌ച രാത്രിയാണ് ആൾക്കൂട്ട ആക്രമണത്തിൽ വാസിം (27) എന്ന യുവാവ് കൊല്ലപ്പെടുകയും കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ബൻസൂർ തഹസീലിലെ രാംപൂർ മേഖലയിലാണ് സംഭവം. വനത്തിൽ അനധികൃതമായി മരം മുറിക്കുന്നതിൽ മൂവരും ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് അക്രമി സംഘം ഇവരെ വളയുകയായിരുന്നു. വാസിം, ബന്ധു ആസിഫ്, സുഹൃത്ത് അസ്ഹറുദ്ദീൻ എന്നിവരെ അക്രമികൾ മൂർച്ചയുള്ള ആയുധങ്ങളും വടിവാളുകളും ഇരുമ്പുവടികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമിച്ചവരിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും നീമ്രാന എ.സി.പി ജഗ്രം മീണ എ.എൻ.ഐയോട് പറഞ്ഞു.വിവരമറിഞ്ഞ് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് പരിക്കേറ്റ മൂന്ന് പേർ റോഡിൽ കിടക്കുന്നത് കണ്ടത്. പോലീസ് എത്തുന്നതിന് മുമ്പ് തന്നെ അക്രമികൾ സ്ഥലം വിട്ടിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ചികിത്സയ്ക്കിടെ ഒരാൾ മരിച്ചതായും എ?എസ്.പി അറിയിച്ചു. വനംവകുപ്പിന്റെ ജീപ്പ് സംഭവസ്ഥലത്തു നിന്നു പിടികൂടിയിട്ടുണ്ട്. ഇരയുടെ കുടുംബത്തെ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ വിധത്തിലും സഹായിക്കുമെന്ന് രാജസ്ഥാൻ മന്ത്രി പ്രതാപ് ഖച്ചരിയവാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.