അവളൊരു യാത്രയിൽ ആയിരുന്നു. മുൻകൂട്ടി നിശ്ചയിക്കാതെ തനിയെ പോകുന്ന ആദ്യയാത്ര. ഓർമവെച്ച കാലം മുതൽ ഒരേ ചട്ടക്കൂടിൽ തുടരുന്ന ജീവിതത്തിൽ മടുപ്പ് തോന്നി തുടങ്ങിയിട്ട് കുറച്ചേറെ ദിവസങ്ങളായിട്ടുണ്ട്. ദിവസങ്ങൾക്കെല്ലാം ഒരേ നിറമായിരുന്നു. കറുപ്പും വെളുപ്പും ഇഴചേർന്ന മങ്ങിയ നിറം... പലതരം വർണങ്ങൾ കൊടുക്കാൻ ശ്രമിച്ചിട്ടും പരാജയമണഞ്ഞ നിറം. ഏകാന്തതയുടെ പ്രഭാതത്തിലാണ് ഒരു യാത്ര പോയാലോ എന്നവൾക്ക് വെളിപാടുണ്ടായത്. പിറ്റേന്ന് കുട്ടികളെ സ്കൂളിലേക്കയച്ച് ഭർത്താവിനുള്ള ഉച്ചഭക്ഷണം പൊതിഞ്ഞുകൊടുത്ത് എല്ലാവരേം യാത്രയയച്ച് ഗൂഢസ്മിതത്തോടെ തനിച്ചുള്ള ആ യാത്രക്ക് അവൾ തയാറായിത്തുടങ്ങി. വൈകുന്നേരം കുട്ടികൾ തിരിച്ചെത്തുന്നതിനു മുമ്പേ തനിക്കും തിരിച്ച് എത്തണമെന്ന ചിന്ത സന്തോഷത്തെ മങ്ങലേൽപിച്ചെങ്കിലും അവൾ ഉത്സാഹത്തോടെ ഉള്ളതിൽ നല്ലൊരു സാരി എടുത്തുടുത്തു. ബസ് സ്റ്റോപ്പിൽ എത്തിയ ശേഷമാണ് എവിടേക്ക് പോകണമെന്നുള്ള ചിന്ത ഉടലെടുത്തത്. അതുവരെ യാത്ര പോകണമെന്നല്ലാതെ എങ്ങോട്ട് എന്നവൾ ഓർത്തിരുന്നില്ല... ആദ്യം വന്നു നിന്ന ബസിൽതന്നെ കയറിപ്പറ്റി.
മനസ്സിനെ അപ്പൂപ്പൻതാടി പോലെ പറത്തിവിട്ട് ജാലക കാഴ്ചകളും കണ്ട് വിസ്മൃതിയിലാണ്ടവൾ ഇരുന്നു. അവസാന സ്റ്റോപ്പിൽ ഇറങ്ങിയശേഷം തിരക്കിലേക്കവൾ അലിഞ്ഞു ചേർന്നു.
ആളുകൾ തലങ്ങും വിലങ്ങും അലയുകയാണ്. വിവാഹശേഷം അണിയാൻ അനുവാദമില്ലാതിരുന്ന ഏറെ ഇഷ്ടമുള്ള മുല്ലപ്പൂക്കൾ വാങ്ങി മുടിയിൽ വെച്ചു... കപ്പലണ്ടിയും കൊറിച്ചു കുറെ ദൂരം നടന്നു. കാൽ കഴച്ചു തുടങ്ങിയനേരം അടുത്തു കണ്ട ഒരു ബെഞ്ചിൽ അവളിരുന്നു.പിറ്റേന്നുണ്ടാക്കേണ്ടിയിരുന്ന പ്രാതലിനെ പറ്റിയോ വൃത്തിയാക്കാതെ ഇട്ട മുറികളെ പറ്റിയോ മുഷിഞ്ഞ വസ്ത്രങ്ങളെ പറ്റിയോ ഓർത്ത് അവൾ വേവലാതിപ്പെട്ടില്ല. തന്റെ കാലൊച്ച കാതോർത്തിരിക്കുന്ന പശുക്കളെയും കോഴികളെയും വിസ്മൃതിയിലാഴ്ത്തിക്കൊണ്ട് കായൽ പരപ്പിലെ ഓളങ്ങളേം നോക്കിക്കൊണ്ട് അസ്തമയം ആകുന്നവരെ അവളിരുന്നു.
‘‘ആഹാ... സാരിയൊക്കെ ചുറ്റി സുന്ദരി ആയിട്ടുണ്ടല്ലോ’’... തൊട്ടടുത്തുനിന്നു കേട്ട ശബ്ദത്തിലേക്ക് അവൾ തല ചരിച്ചു നോക്കി. ചിരപരിചിതയെ പോലെ ഒരു സ്ത്രീ അവളുടെ അരികിലേക്ക് നീങ്ങി ഇരിക്കുകയും കൈ കൈവരുകയും ചെയ്തത് പെെട്ടന്നായിരുന്നു. ‘‘നമ്മൾ വേഷത്തിലെല്ലാം നല്ലപോലെ ശ്രദ്ധിക്കണം. എപ്പോഴും വൃത്തിയോടെ നടക്കണം’’, അവർ തുടർന്നു പറഞ്ഞു.
പിന്നീടവർ അവളുടെ മുടിയിലേക്ക് നോക്കുകയും നാണത്തോടെ ‘‘മുല്ലപ്പൂവും വളരെ നല്ലതാണ് ’’ എന്നും കൂട്ടിച്ചേർത്തു.
ഞെട്ടലോടെ അവരുടെ കൈവിടുവിച്ചു അവൾ അവിടന്നെഴുന്നേറ്റു.
ശ്വാസോച്ഛ്വാസം ക്രമാതീതമായി ഉയരുന്നത് അവൾക്കനുഭവപ്പെടുന്നുണ്ടായിരുന്നു. പിന്തിരിഞ്ഞു നടക്കുന്ന മാത്രയിൽ അവൾ തിരിഞ്ഞൊന്നു നോക്കിയപ്പോൾ അവർ ഒറ്റക്കിരുന്നു അവളെ നോക്കി പൊട്ടിച്ചിരിക്കുന്നതും സഞ്ചിയിൽനിന്ന് ഉണങ്ങിയ കുറെ മുല്ലമാലകൾ എടുത്തു മണത്തു നോക്കുന്നതും ഉൾക്കിടിലത്തോടെ കണ്ടു. ആർത്തലച്ചുകൊണ്ട് കാലം തെറ്റി വന്ന മഴയിൽ നനഞ്ഞു കുതിർന്ന് അവൾ ബസ്സ്റ്റോപ്പിലേക്ക് നടന്നുനീങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.