ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷാ ചോർച്ചാ വിവാദത്തിൽ പ്രതിഷേധം തുടരുന്നതിന്‍റെ ഭാഗമായി ഇൻഡ്യ മുന്നണിയിലെ പ്രതിപക്ഷ എം.പിമാർ ഇന്ന് രാവിലെ 10.30ന് പാർലമെന്റിലെ മകർദ്വാറിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. മകർദ്വാറിന് മുന്നിൽ ഇരുവിഭാഗവും ഒരേസമയം പ്രതിഷേധിച്ചതിനെ തുടർന്ന് വ്യാഴാഴ്ച എൻ.ഡി.എ, ഇൻഡ്യ മുന്നണി എം.പിമാർ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.
വിഷയത്തിൽ ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണ നൽകി മൂന്ന് പ്രാധന ആവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ടു വച്ചിരിക്കുന്നത്. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക, വിദ്യാർത്ഥികൾക്കെതിരെ അതിക്രമം കാണിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക, രാജ്യത്തെ യുവജനങ്ങളോട് നരേന്ദ്ര മോദി മാപ്പ് പറയുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ടു വെക്കുന്നത്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തുവിട്ട വീഡിയോ സന്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നേരത്തെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. പാർലമെന്റിന് പുറത്ത് പ്രസ്താവന നടത്തുന്നതിന് പകരം പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കണമെന്ന് ഖാർഗെ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി ശബ്ദമുയർത്തുന്ന വിദ്യാർഥികളുടെ ബുദ്ധിയെ പരിഹസിക്കരുതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രിക്കുമുന്നിൽ മൂന്ന് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു.
പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ടവരിൽക്കെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷയും വിചാരണക്ക് വ്യവസ്ഥ ചെയ്യുന്ന കരട് ബിൽ കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമെന്നായിരുന്നു പ്രധാനമന്ത്രി മോദി വിഡിയോ പുറച്ചു വിട്ടത്. സമാധാനപരമായ വിദ്യാർഥി പ്രക്ഷോഭങ്ങളെ കേന്ദ്ര സർക്കാർ ഭീരുത്വത്തോടെയും ക്രൂരതയോടുമാണ് സർക്കാർ നേരിട്ടതെന്നും, രാജ്യത്തെ യുവാക്കളെ ഭാവിയിലെ അവകാശികളായി കാണുന്നതിന് പകരം രാഷ്ട്രത്തിന്റെ ശത്രുക്കളെപ്പോലെയാണ് പരിഗണിച്ചതെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.