ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ, വിദ്യാർഥികളും അധ്യാപകരും സമരപരിപാടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മുന്നറിയിപ്പ് നൽകി ഡൽഹി സർവകലാശാല. അനുമതിയില്ലാത്ത നിയമവിരുദ്ധ സമരങ്ങളിൽ പങ്കെടുത്താൽ കടുത്ത നിയമനടപടികളും അക്കാദമിക ഭാവിയെ ബാധിക്കുന്ന തിരിച്ചടികളും നേരിടേണ്ടിവരുമെന്ന് കാണിച്ച് എക്‌സിലൂടെയാണ് ഡൽഹി സർവകലാശാല വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നറിയിപ്പ് നൽകിയത്.
ഇതിന് പിന്നാലെ, ജന്തർ മന്തറിലെ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ നീക്കം ചെയ്യാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ട് ഐ.ഐ.ടി മദ്രാസ് അധികൃതരും രംഗത്തെത്തി. സമരങ്ങൾക്ക് പിന്തുണയറിയിച്ച് മുദ്രാവാക്യങ്ങൾ വിളിച്ചും ബാനറുകളിൽ അഭിപ്രായങ്ങൾ പങ്കുവെച്ചും ഷോർട്ട് വിഡിയോകൾ തയാറാക്കിയ വിദ്യാർഥികൾക്കാണ് സർവകലാശാലയുടെ ഭാഗത്തുനിന്ന് ഈ നിർദേശം ലഭിച്ചത്. ഡീന്റെ നിർദേശപ്രകാരമാണ് ഈ നടപടിയെന്നും, ജന്തർ മന്തർ പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്റുകളും ഐക്യദാർഢ്യ വിഡിയോയും നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഫാക്കൽറ്റി അഡ്വൈസറെ ബന്ധപ്പെട്ടിരുന്നുവെന്നും വിദ്യാർഥികൾക്ക് ലഭിച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു.
പരീക്ഷാ തട്ടിപ്പുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികളും നടന്മാരും അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ സമരത്തിന്റ ഭാഗമായി, പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ സോനം വാങ്ചുക് ജന്തർ മന്തറിൽ നടത്തിയ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി ഹൈകോടതി ഉത്തരവ് പ്രകാരം പൊലീസ് അദ്ദേഹത്തെ സമരസ്ഥലത്തുനിന്ന് ബലമായി ആശുപത്രിയിലേക്ക് മാറ്റിയത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
സമാധാനാന്തരീക്ഷം ഉറപ്പാക്കാനും അക്രമ സംഭവങ്ങൾ ഒഴിവാക്കാനുമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുടെ ഉറപ്പിലാണ് സോനം വാങ്ചുക് തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്. സമാധാനപരമായ സമരങ്ങളിൽ പങ്കെടുത്ത അക്രമസ്വഭാവമില്ലാത്ത വിദ്യാർഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാമെന്നും, പരീക്ഷാ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കാമെന്നും സർക്കാർ ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം ഈ ഘട്ടത്തിലേക്ക് എത്തിയത്. എങ്കിലും, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുന്നത് വരെ തങ്ങളുടെ പ്രതിഷേധങ്ങൾ ശക്തമായി തുടരുമെന്ന് സമരക്കാർ വ്യക്തമാക്കി.
സമരം തുടരുമെന്ന പ്രഖ്യാപനത്തിനിടെ, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ സി.ജെ.പി നേതാക്കളും കേന്ദ്ര സർക്കാറുമായി ഇന്ന് ചർച്ച നടക്കും. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിലാണ് ചർച്ചയെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.