റാപ്പർ വേടൻ

വേടന്റെ ‘ആസാദി’ പരിപാടിയിൽ നടപടി; സ്വമേധയാ കേസെടുത്ത് പൊലീസ്

കൊച്ചി: ഡൽഹിയിലെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടന്ന ‘ആസാദി: പാട്ടും പ്രതിഷേധവും’ പരിപാടിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്. എറണാകുളം പനമ്പള്ളി നഗർ സെൻട്രൽ പാർക്കിൽ അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.

പരിപാടി നടത്തരുതെന്ന് കാണിച്ച് നേരത്തെ നോട്ടീസ് നൽകിയിരുന്നെന്നാണ് പൊലീസ് പറയുന്നത്. വേടൻ, നടനും മോഡലുമായ ഗബ്രി ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 99 പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.

ബുധനാഴ്ച വൈകീട്ട് ഏകദേശം അഞ്ച് മണിക്കാണ് പരിപാടി തുടങ്ങിയത്. മുന്‍ ഫുട്‌ബാള്‍ താരം സി.കെ. വിനോദ് ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പൊലീസിന്റെ നോട്ടീസ് അവഗണിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ പരിപാടി നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെ ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താനും ഇല്ലാതാക്കാനുമാണ് ശ്രമം നടക്കുന്നതെന്ന് വേടൻ പരിപാടിയിൽ പറഞ്ഞു. ജനാധിപത്യ വിരുദ്ധ, രാജ്യവിരുദ്ധ കേന്ദ്ര നടപടിക്കെതിരെയാണ് പ്രതിഷേധം. 

പരിപാടിയിൽ എല്ലാ ജനാധിപത്യ വിശ്വാസിളും പ​ങ്കെടുക്കണമെന്നും വേടൻ അഭ്യർഥിച്ചിരുന്നു. ‘വണക്കം. നമ്മുടെ രാജ്യ തലസ്ഥാനത്ത് നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് നീതി ആവശ്യപ്പെട്ട് കൊണ്ട് വിദ്യാർഥികള്‍ നടത്തുന്ന സമരത്തെ ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ജനാധിപത്യ വിരുദ്ധ, രാജ്യവിരുദ്ധ കേന്ദ്ര നടപടിക്ക് എതിരെ പാട്ടും പറച്ചിലുമായി ഇന്ന് കൊച്ചി പനമ്പള്ളി നഗറില്‍ ഞങ്ങളെല്ലാവരും കൂടുന്നുണ്ട്. എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും സ്വാഗതം", എന്നായിരുന്നു വേടന്റെ വാക്കുകൾ.

കലാ-സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ അന്നേ ദിവസം ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിച്ചിരുന്നു.

Tags:    
News Summary - Vedan’s Protest Show in Kochi Faces Police Action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.