വിദ്യാർഥി പ്രക്ഷോഭം: ചർച്ച ഉച്ചക്ക് 12.30 ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ, സി.ജെ.പിക്ക് വഴങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രതിനിധി സംഘവുമായുള്ള കേന്ദ്ര മന്ത്രിമാരുടെ ചർച്ച ഇന്ന് ഉച്ചയ്ക്ക് 12.30 ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കും. കേന്ദ്രമന്ത്രിമാരായ ജെ.പി നഡ്ഡയും ജിതേന്ദ്ര സിങ്ങും സർക്കാരിനെ പ്രതിനിധീകരിക്കുമ്പോൾ, പ്രതിഷേധക്കാരെ പ്രതിനിധീകരിച്ച് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, വൈഷ്ണവി ഗൗർ എന്നിവർ പങ്കെടുക്കും.

കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുടെ വസതിയിലോ ഓഫീസിലോ ചർച്ച നടത്താമെന്ന സർക്കാരിന്റെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട്, നിഷ്പക്ഷമായ ഒരു വേദി വേണമെന്ന് സി.ജെ.പി കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. സമരത്തെ പിന്തുണച്ച് നിരാഹാര സമരം നടത്തിയിരുന്ന സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും പ്രക്ഷോഭവുമായി മുന്നോട്ടു നീങ്ങാനാണ് സി.ജെ.പിയുടെ തീരുമാനം. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവർ ആശുപത്രിയിലെത്തി ചർച്ച നടത്തിയ ശേഷം അവരുടെ സാന്നിധ്യത്തിലാണ് വാങ്ചുക് 26 ദിവസത്തെ സമരം അവസാനിപ്പിച്ചത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സി.ജെ.പിയുടെ നിലപാട്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം മുതൽ ചർച്ചകൾക്കായി സർക്കാർ നാല് ഔദ്യോഗിക നിർദ്ദേശങ്ങൾ അയച്ചിരുന്നു. ചർച്ച നടക്കുന്ന സ്ഥലം സംബന്ധിച്ച് തീരുമാനമായിരുന്നില്ല. ചൊവ്വാഴ്ച രാത്രി മേദാന്ത ആശുപത്രിയിൽ വെച്ച് സോനം വാങ്ചുക്കുമായി കൂടിക്കാഴ്ച നടത്തിയ ജിതേന്ദ്ര സിങ്, സി.ജെ.പി പ്രതിനിധികളുമായി രണ്ടാം ഘട്ട ചർച്ച നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും, നിഷ്പക്ഷമായ ഒരു വേദി വേണമെന്ന സി.ജെ.പിയുടെ ആവശ്യത്തെത്തുടർന്ന് അത് നടന്നിരുന്നില്ല.

ജെ.പി നഡ്ഡയുടെ വീട്ടിലോ ഓഫീസിലോ ചർച്ച നടത്താമെന്ന ആവശ്യം സി.ജെ.പി തള്ളിയതോടെ സമരക്കാരുടെ സൗകര്യപ്രകാരം ചർച്ചകൾ നടത്താൻ കേന്ദ്രം തയ്യാറാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിഷ്പക്ഷമായ വേദിയിൽ വെച്ച് കാണാൻ സി.ജെ.പി തയ്യാറായത്.

നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർമന്തറിൽ സി.ജെ.പി തങ്ങളുടെ സമരം തുടരുകയാണ്. വെള്ളിയാഴ്ച രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധങ്ങൾക്ക് സി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്. ജൂലൈ 20-ന് രണ്ട് സി.ജെ.പി പ്രതിനിധികളുമായി നഡ്ഡ ചർച്ച നടത്തിയിരുന്നെങ്കിലും ധർമേന്ദ്ര പ്രധാനന്റെ രാജിയിൽ കേന്ദ്രം ചർച്ചയ്ക്ക് തയ്യാറായിരുന്നില്ല.

Tags:    
News Summary - Centre meet CJP At Constitution Club As Protesters Seek Pradhans Resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.