അൽ നാസെറിയയിൽ ഫ്ലാറ്റിന് തീപിടിച്ചു; നവജാത ശിശുവിനെയും കുടുംബത്തെയും സാഹസികമായി രക്ഷപ്പെടുത്തി

ഷാർജ: അൽ നാസെറിയ പ്രദേശത്തെ ഒരു റെസിഡൻഷ്യൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽനിന്നും നവജാത ശിശുവിനെയും കുടുംബത്തെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. താമസക്കാർ അഗാധമായ ഉറക്കത്തിലായിരുന്ന സമയത്താണ് സംഭവം. ആളുകൾ ഭീതിയിലാണ്ട സാഹചര്യത്തിൽ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി അതിവേഗത്തിലാണ് ഇടപെട്ടത്. പുലർച്ചെ 1.35-നാണ് റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ ഫ്ലാറ്റിൽ തീപിടുത്തമുണ്ടായതായി സിവിൽ ഡിഫൻസ് ഓപറേഷൻസ് റൂമിൽ വിവരം ലഭിക്കുന്നത്. തുടർന്ന് ഷാർജ സിവിൽ ഡിഫൻസ് സംഘം അതിവേഗം സംഭവസ്ഥലത്തെത്തി. സംനാൻ, അൽ മിന സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന-രക്ഷാസേനകൾ ഉടൻ സ്ഥലത്തേക്ക് തിരിച്ചു. ഫ്ലാറ്റിലെ എയർ കണ്ടീഷണർ (എ.സി) യൂനിറ്റിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. ഒരു സംഘം തീ അണയ്ക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടപ്പോൾ, മറ്റൊരു സംഘം ഉള്ളിൽ കുടുങ്ങിയവരെ കണ്ടെത്തി പുറത്തെത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തീ പ്രത്യേക ഭാഗത്ത് മാത്രമായി ഒതുങ്ങിനിന്നിരുന്നെങ്കിലും, കനത്ത പുക ഫ്ലാറ്റിലുടനീളം പടർന്നിരുന്നു. സുരക്ഷ മുൻനിർത്തി കെട്ടിടത്തിലെ മറ്റ് താമസക്കാരെയും താൽക്കാലികമായി ഒഴിപ്പിച്ചു.

ഫ്ലാറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന കൈക്കുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ രക്ഷാപ്രവർത്തകർ സുരക്ഷിതമായാണ് പുറത്തെത്തിച്ചത്. കുടുംബനാഥനെയും അദ്ദേഹത്തിന്‍റെ മാതാവിനെയുമാണ് ആദ്യം സുരക്ഷിതമായി കെട്ടിടത്തിന് പുറത്തെത്തിച്ചത്. തുടർന്ന് രക്ഷാപ്രവർത്തകരുടെ ശ്രദ്ധ ഫ്ലാറ്റിനുള്ളിൽ അവശേഷിച്ച നവജാത ശിശുവിലേക്ക് തിരിഞ്ഞു. പുക നിറഞ്ഞ അന്തരീക്ഷത്തിലൂടെ അതീവ ജാഗ്രതയോടെ നീങ്ങിയ ഉദ്യോഗസ്ഥർ ഒടുവിൽ കുഞ്ഞിന്‍റെ അരികിലെത്തി. കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അതീവ സുരക്ഷിതമായി പുറത്തെത്തിച്ചു. കുഞ്ഞിനെ സുരക്ഷിതമായി തിരികെ കിട്ടിയതോടെ കാത്തുനിന്ന കുടുംബത്തിന് ആശ്വാസമായി. അടുത്തുള്ള മറ്റ് ഫ്ലാറ്റുകളിലേക്ക് തീ പടരുന്നതിന് മുമ്പുതന്നെ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് വീണ്ടും തീപിടുത്തമുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ കൂളിങ് പ്രവർത്തനങ്ങളും പൂർത്തിയാക്കി. എല്ലാ അടിയന്തര രക്ഷാപ്രവർത്തനങ്ങളിലും ജീവനും സ്വത്തും സംരക്ഷിക്കുക എന്നതിനാണ് പ്രാഥമിക പരിഗണനയെന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ യൂസുഫ് ഉബൈദ് ഹർമൗൽ അൽ ഷംസി വ്യക്തമാക്കി.

Tags:    
News Summary - Fire breaks out in Al Nasiriya flat; newborn baby and family dramatically rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.