മസ്കത്ത്: ഇലക്ട്രോണിക് പേമെന്റ് (ഇ-പേമെന്റ്) സംവിധാനവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ തടയാൻ ബോധവത്കരണവുമായി ഒമാൻ വ്യാപാര, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ‘ഷോപ്പിങ് ചെയ്യുന്നതിനു മുമ്പ് നിങ്ങളുടെ അവകാശങ്ങൾ അറിയുക’ എന്ന തലക്കെട്ടിലാണ് കാമ്പയിൻ. പേമെന്റുമായി ബന്ധപ്പെട്ട നിയമ ലംഘനം നടത്തുന്ന വ്യാപാരികളെ സംബന്ധിച്ച് ഉപഭോക്താക്കൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.
ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുകയും ഷോപ്പിങ് പ്രവർത്തനങ്ങൾ ലളിതമാക്കുകയും ചെയ്യുന്നതിനായി ഇ-പേമെന്റ് ലഭ്യമാക്കുന്നത് നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ബിസിനസുകളിലെ പല വിഭാഗങ്ങളോടും ഉപഭോക്താക്കൾക്കായി ഇ-പേമെന്റ് സൗകര്യം ഏർപ്പെടുത്തണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുള്ളതാണ്. സ്വർണം, വെള്ളി എന്നിവ വിൽക്കുന്ന കടകൾ, പലചരക്കു കടകൾ, റസ്റ്റാറന്റുകൾ, കോഫി ഷോപ്പുകൾ, ഇലക്ട്രോണിക്സ് കടകൾ, കെട്ടിട നിർമാണ സാമഗ്രികൾ, ഇൻഡസ്ട്രിയൽ ഏരിയ വ്യാപാരങ്ങൾ, മാളുകൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, പുകയില വിൽപനശാലകൾ തുടങ്ങി നിരവധി വ്യാപാര മേഖലകളിൽ വിവിധ ബിസിനസുകൾക്ക് ഇ-പേമെന്റ് നിർദേശം ബാധകമാണ്.
ഇ-പേമെന്റ് നൽകാൻ കടക്കാർ നിരസിക്കുകയോ ഇ-പേമെന്റ് ഉപയോഗിക്കുന്നതിന് അധിക ചാർജ് ഈടാക്കുകയോ ഉപകരണം മറച്ചുവെക്കുകയോ നെറ്റ്വർക് പ്രശ്നങ്ങൾ കാണിച്ചുകൊണ്ട് സ്വകാര്യ അക്കൗണ്ടിലേക്കുള്ള ട്രാൻസ്ഫർ നിർബന്ധിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഉപഭോക്താക്കൾ ‘തജവ്വുബ്’ പ്ലാറ്റ്ഫോം വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം നിർദേശിക്കുന്നു. ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാത്തപക്ഷം ഇത്തരം പ്രവൃത്തികൾ തുടരുമെന്നും ഷോപ്പിങ് അനുഭവത്തിന്റെ ഗുണനിലവാരം മെച്ചപ്പെടില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. റീട്ടെയിൽ വ്യാപാര അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാകാൻ ഉപഭോക്താക്കളോട് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേമെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടു.
പണമിടപാടുകൾ, കസ്റ്റമർ സർവിസ് മാനേജ്മെന്റ് എന്നിവ വേഗത്തിലാക്കുകയും പണമിടപാടിലെ സുരക്ഷ അപകടസാധ്യതകൾ കുറക്കുകയും പൂർണമായ ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുകയും അടക്കമുള്ള ലക്ഷ്യങ്ങളാണ് ഇ-പേമെന്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിനു പിന്നിൽ.
നിർദേശം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ഇ-പേമെന്റ് സംവിധാനം ഒരുക്കിയില്ലെങ്കിൽ 100 റിയാലാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.