ലോകത്തിലെ ഏറ്റവും ആകർഷകമായ സുഗന്ധമുള്ള 12 ഭക്ഷണങ്ങൾ; ലിസ്റ്റിൽ ഇടം പിടിച്ച് നമ്മുടെ 'ദം ബിരിയാണി'യും

നല്ല ഭക്ഷണത്തിന്റെ രുചി നാവിലേക്ക് എത്തുന്നതിന് മുൻപ് തന്നെ നമ്മുടെ മനസ്സ് നിറക്കുന്നത് അതിന്റെ സുഗന്ധമാണ്. ചില മണങ്ങൾ നമ്മെ പെട്ടെന്ന് തന്നെ കുട്ടിക്കാലത്തെ അമ്മയുടെ അടുക്കളയിലേക്കോ, പഴയകാല ആഘോഷങ്ങളിലേക്കോ, പ്രിയപ്പെട്ട അവധിക്കാലങ്ങളിലേക്കോ ഒക്കെ കൂട്ടിക്കൊണ്ടുപോകും. ആഗോളതലത്തിൽ ഭക്ഷണങ്ങളെ പട്ടികപ്പെടുത്തി തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച് നമ്മുടെ മൂക്കിന് തലച്ചോറിലെ ഓർമ്മകളെയും വികാരങ്ങളെയും ഉണർത്താനുള്ള പ്രത്യേക കഴിവുണ്ട്. ഒരു വിഭവം എത്രത്തോളം നമ്മെ ആകർഷിക്കുന്നു എന്ന് തീരുമാനിക്കുന്നതിൽ അതിന്റെ സുഗന്ധത്തിന് വലിയൊരു പങ്കുണ്ട്. ലോകമെമ്പാടുമുള്ള ആളുകളെ ഒരുപോലെ കൊതിപ്പിക്കുന്ന ഏറ്റവും ആകർഷകമായ സുഗന്ധമുള്ള ചില വിഭവങ്ങളെ പരിചയപ്പെടാം.

ഓവനിൽ നിന്ന് ചൂടോടെ പുറത്തെടുക്കുന്ന കേക്കിന്‍റെ സുഗന്ധം ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല. ഇന്ത്യയെ അപേക്ഷിച്ച് ബ്രഡുകളും കേക്കുകളും ഏറെ ഇഷ്ടപ്പെടുന്നത് വിദേശികളാണ്. ആവരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ് ബേക്കഡ് ഫുഡ്സ്. അതുപോലെ തന്നെ രാവിലെ ഉണരുമ്പോൾ ലഭിക്കുന്ന കാപ്പിയുടെ കടും സുഗന്ധം ആദ്യത്തെ സിപ്പ് കുടിക്കുന്നതിന് മുൻപ് തന്നെ നമ്മുടെ ഇന്ദ്രിയങ്ങളെ ഉണർത്താൻ കെൽപ്പുള്ളതാണ്. അടുക്കളയിൽ വെണ്ണയും വെളുത്തുള്ളിയും ഒന്നിച്ച് ചൂടാകുമ്പോൾ പരക്കുന്ന സുഗന്ധമാണ് ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട അടുത്ത ആകർഷകമായ ഗന്ധം.

മധുരമുള്ള മാവും കറുവപ്പട്ടയും ചേർന്ന സിനമൺ റോൾസ് ബേക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന സുഗന്ധം മനസ്സിന് ഏറെ സന്തോഷം നൽകുമെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. തിയറ്ററുകളിലും മറ്റും നമ്മെ ആകർഷിക്കുന്ന പോപ്‌കോണിന്റെ ആ വറുത്ത മണം, ഒട്ടും വിശപ്പില്ലാത്തവരെപ്പോലും അത് വാങ്ങിക്കാൻ പ്രേരിപ്പിക്കും. ചോക്ലേറ്റ് ബ്രൗണികൾ തയാറാക്കുമ്പോൾ കൊക്കോയും വെണ്ണയും പഞ്ചസാരയും ചേർന്നുണ്ടാകുന്ന തീവ്രമായ ചോക്ലേറ്റിന്‍റെ ഗന്ധം ബ്രൗണി പ്രേമികളെ ഏറെ ആകർഷിക്കുന്നതാണ്.

നല്ല ദം ബിരിയാണി ചെമ്പ് തുറക്കുമ്പോൾ ഉയരുന്ന ആ സുഗന്ധം ആർക്കാണ് പ്രതിരോധിക്കാൻ കഴിയുക. പ്രത്യേകിച്ച് നമ്മൾ മലയാളികളുടെ വികാരമായ ചിക്കൻ ബിരിയാണിയുടെ ദം പൊട്ടിക്കുമ്പോഴുണ്ടാകുന്ന ആ ഗന്ധത്തെകുറിച്ച് ഓർക്കുമ്പോഴെ വായിൽ വെള്ളമൂറും. തന്തൂരി വിഭവങ്ങളുടെ ആ പുകമണവും മസാലകളുടെ കൂട്ടും പ്രത്യേക അനുഭവം തന്നെയാണ്. ഉരുകിയ ചീസും തക്കാളി സോസും ചേർന്ന പിസ്സയുടെ സുഗന്ധവും, കനലിൽ വെന്തുവരുന്ന ബാർബിക്യൂവിന്റെ മണവും ആരുടെയും നാവിൽ വെള്ളമൂറിക്കും. ഒടുവിൽ ഏവരുടെ പ്രിയപ്പെട്ട പഴുത്ത മാമ്പഴത്തിന്‍റെ ഗന്ധമാണ്. മുറിക്കാതെ തന്നെ അതിന്റെ മധുരമുള്ള സുഗന്ധത്താൽ എപ്പോഴും അത് നമ്മെ ആകർഷിക്കുന്നു.

Tags:    
News Summary - The 12 most delicious foods smell in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.