ചിക്കൻ മാക് ആൻഡ് ചീസ്

ആവശ്യമായ ചേരുവകൾ

1. മക്രോണി – 300 ഗ്രാം

2. എല്ലില്ലാത്ത ചിക്കൻ – 350 ഗ്രാം (ചെറിയ കഷണങ്ങളാക്കി അരിഞ്ഞത്)

3. ബ്രോക്കോളി – 3 കപ്പ് (ചെറിയ പൂക്കളായി മുറിച്ചത്)

4. കുരുമുളക് പൊടി – 1 ടീസ്പൂൺ + ഒന്നര ടീസ്പൂൺ

5. വെണ്ണ – 5 ടേബിൾസ്പൂൺ

6. സവാള – 1 എണ്ണം (ചെറുതായി അരിഞ്ഞത്)

7. വെളുത്തുള്ളി – 2 അല്ലി (ചെറുതായി അരിഞ്ഞത്)

8. മൈദ – 4 ടേബിൾസ്പൂൺ

9. പാൽ – 300 മില്ലി

10. മൊസറെല്ല ചീസ് – അര കപ്പ് + 1 കപ്പ്

11. ബ്രെഡ് ക്രംബ്സ് – 1 കപ്പ്

12. ഉപ്പ് – ആവശ്യത്തിന്

13. ഒലീവ് ഓയിൽ – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

1. മക്രോണി പാക്കറ്റിൽ നൽകിയിരിക്കുന്ന നിർദേശപ്രകാരം വെള്ളത്തിൽ വേവിച്ച് ഊറ്റിയെടുത്ത് മാറ്റിവെക്കുക.

2. ഒരു പാനിൽ ഒലീവ് ഓയിൽ ചൂടാക്കി ഇതിലേക്ക് ചെറുതായി അരിഞ്ഞ ചിക്കൻ കഷണങ്ങൾ, 1 ടീസ്പൂൺ കുരുമുളക് പൊടി, അല്പം ഉപ്പ് എന്നിവ ചേർത്ത് ചിക്കൻ നന്നായി വെന്തുവരുന്നതുവരെ വഴറ്റിയശേഷം മാറ്റിവെക്കുക.

3. ഒരു സോസ്പാൻ ചെറിയ തീയിൽ വച്ച് വെണ്ണ ചേർത്ത് പൂർണമായി ഉരുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് 3–4 മിനിറ്റ് വഴറ്റുക. ശേഷം വെളുത്തുള്ളി ചേർത്ത് ഏതാനും സെക്കൻഡ് വഴറ്റുക. ഇതിലേക്ക് മൈദ ചേർത്ത് ഒരു മിനിറ്റ് ഇളക്കി, തുടർന്ന് പാൽ കുറേശ്ശെയായി ഒഴിച്ച് തുടർച്ചയായി ഇളക്കി യോജിപ്പിക്കുക. മൈദ കട്ടപിടിക്കാതെ ശ്രദ്ധിക്കണം.

4. തയ്യാറാക്കിയ കൂട്ടിലേക്ക് ഒന്നര ടീസ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് സോസ് കുറുകിവരുന്നതുവരെ 3–4 മിനിറ്റ് ചൂടാക്കുക. ഇതിലേക്ക് ബ്രോക്കോളി ചേർത്ത് 6–8 മിനിറ്റ് വേവിച്ച ശേഷം നേരത്തെ തയ്യാറാക്കിയ ചിക്കൻ ചേർത്ത് നന്നായി യോജിപ്പിച്ച് 2–3 മിനിറ്റ് കൂടി വേവിക്കുക.

5. തയ്യാറാക്കിയ കൂട്ട് അടുപ്പിൽനിന്ന് മാറ്റി, ഇതിലേക്ക് വേവിച്ച മക്രോണിയും അര കപ്പ് മൊസറെല്ല ചീസും ചേർത്ത് എല്ലാം നന്നായി യോജിപ്പിക്കുക.

6. ഒരു ബേക്കിങ് ട്രേയിൽ അല്പം വെണ്ണയോ എണ്ണയോ പുരട്ടി തയ്യാറാക്കിയ മക്രോണി മിശ്രിതം ഇതിലേക്ക് മാറ്റി മുകളിൽ ബ്രെഡ് ക്രംബ്സും ബാക്കിയുള്ള 1 കപ്പ് മൊസറെല്ല ചീസും വിതറുക.

7. ഓവൻ 180ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്ത്, തയ്യാറാക്കിയ മക്രോണി 20–25 മിനിറ്റ് ബേക്ക് ചെയ്യുക. ചീസ് ഉരുകി നല്ല സ്വർണനിറമാകുമ്പോൾ ഓവനിൽനിന്ന് പുറത്തെടുത്ത് ചൂടോടെ സേർവ് ചെയ്യുക.

Tags:    
News Summary - Chicken Mac and Cheese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.