പോസ്റ്ററുകൾ

‘ബിരിയാണി കഴിക്കുന്നതിൽ നിന്ന് ആരും തടയുന്നില്ല, ഹിന്ദു കടയിൽ നിന്ന് കഴിക്കൂ’; ദുർഗാ പൂജക്ക് മുമ്പ് ബംഗാളിൽ വിവാദ പോസ്റ്ററുകൾ

സിലിഗുരി: ദുർഗാ പൂജക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ പ്രത്യക്ഷപ്പെട്ട നൂറുകണക്കിന് പോസ്റ്ററുകൾ വലിയ വിവാദത്തിന് തിരികൊളുത്തി. പൂജാ സാധനങ്ങളും ബിരിയാണിയും മാംസവും ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളും ഹിന്ദു വ്യാപാരികളിൽ നിന്ന് മാത്രം വാങ്ങണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്ററുകൾ.

വടക്കൻ ബംഗാളിലെ സിലിഗുരി നഗരത്തിലെ പ്രധാന തെരുവുകളിലും ചുമരുകളിലും കടകളുടെ മുന്നിലുമായാണ് ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘ബിരിയാണി കഴിക്കുന്നതിൽ നിന്ന് ആരും നിങ്ങളെ തടയുന്നില്ല, പക്ഷെ അത് ഒരു ഹിന്ദു കടയിൽ നിന്ന് കഴിക്കൂ’, ‘മാംസം ഹിന്ദു കടയിൽ നിന്ന് വാങ്ങൂ’, ‘ക്യുആർ കോഡ് വഴി പണം നൽകുന്നതിന് മുമ്പ് വിൽപ്പനക്കാരന്റെ പേര് ചോദിക്കൂ’ എന്നിങ്ങനെ പോകുന്നു പോസ്റ്ററിലെ വാചകങ്ങൾ. മറ്റ് ചില പോസ്റ്ററുകളിൽ ‘എല്ലാ ജാതിയിലുമുള്ള ഹിന്ദുക്കൾ ഒന്നിക്കൂ’, ‘ലഹരിയും മയക്കുമരുന്നുമില്ലാത്ത ഒരു സമൂഹത്തെ കെട്ടിപ്പടുക്കൂ’ തുടങ്ങിയ സന്ദേശങ്ങളും ഉണ്ട്.

പോസ്റ്ററുകൾ പതിച്ചതിന്റെ ഉത്തരവാദിത്തം ഹിന്ദു ജാഗരൺ മഞ്ച് എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. തങ്ങൾ ഒരു സമുദായത്തിനും എതിരല്ലെന്നും ഉത്സവ സീസണിൽ ഹിന്ദു വ്യാപാരികൾക്ക് നേട്ടമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് സംഘടനാ നേതാക്കൾ പറയുന്നത്.

ദുർഗാ പൂജ ബംഗാളിലെ ഏറ്റവും വലിയ ഉത്സവമാണെന്നും ഈ സമയത്ത് ഹിന്ദു വ്യാപാരികളെ പിന്തുണക്കണമെന്നുമാണ് അവരുടെ വാദം. എന്നാൽ സംഭവത്തിൽ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മതേതര രാജ്യത്ത് ഇത്തരം കാര്യങ്ങൾ അനുവദിക്കാനാകില്ലെന്നും ഇത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഭരണകക്ഷിയായ ബിജെപിയെ ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

ബംഗാളിൽ ദുർഗാ പൂജ സമയത്തെ ഭക്ഷണ രീതിയെ ചൊല്ലിയുള്ള ചർച്ചകൾ പതിവാണ്. ബംഗാളി ഹിന്ദുക്കളിൽ ഒരു വിഭാഗം പൂജാ കാലത്ത് മത്സ്യവും മാംസവും ഉൾപ്പെടെയുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. ദുർഗാ പൂജ ആഘോഷവേളയിൽ ബിരിയാണിയും മാംസ വിഭവങ്ങളും വ്യാപകമായി കഴിക്കുന്ന പതിവും ബംഗാളിലുണ്ട്.

ഈ പശ്ചാത്തലത്തിലാണ് പുതിയ പോസ്റ്ററുകൾ വീണ്ടും ഭക്ഷണ രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. അതേസമയം, പോസ്റ്ററുകൾക്കെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രദേശത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൽ സൂചിപ്പിക്കുന്നത്.

Tags:    
News Summary - Eat Biryani but from a Hindu’s shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.