മോത്തിചൂർ 'ലഡു'; ഇന്ത്യയുടെ പ്രിയ പലഹാരത്തിന്റെ മധുരമുള്ള ചരിത്രം

നമ്മുടെ നാട്ടിലെ ആഘോഷങ്ങളിലും വിശേഷങ്ങളിലും പ്രധാനിയായ ഒരു മധുര പലഹാരമാണ് ലഡു. കടലമാവ് ചെറിയ തുള്ളികളായി നെയ്യിലോ എണ്ണയിലോ വറുത്തെടുത്ത്, പഞ്ചസാര ലായനിയിൽ മുക്കി ഉരുട്ടിയെടുക്കുന്ന ലഡു ഇന്ത്യക്കാരുടെ എക്കാലത്തെയും ഇഷ്ട വിഭവമാണ്. എന്നാൽ ഈ ലഡുവിൽ കേമനാണ് മോത്തിചൂർ ലഡു. 'മോത്തിചൂർ' എന്നാൽ 'പൊടിച്ച മുത്തുകൾ' എന്നാണ് അർത്ഥം.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഉത്തർപ്രദേശിലുമാണ് മോത്തിചൂർ ലഡുവിന്റെ ഉത്ഭവം എന്ന് കരുതപ്പെടുന്നു. കടുത്ത ചൂടുള്ള കാലാവസ്ഥയിലും ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുമെന്നത് അന്നത്തെ കാലത്ത് ഇവയെ കൂടുതൽ ജനപ്രിയമാക്കി. കെ.ടി. അച്ചയ്യ തന്റെ 'എ ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് ഇന്ത്യൻ ഫുഡ്' എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ച് മനോഹരമായി എഴുതിയിട്ടുണ്ട്. 1516-ൽ എഴുതിയ കന്നഡ സാഹിത്യമായ 'സൂപ ശാസ്ത്ര'ത്തിലും നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ബീഹാറിലെ ഭക്ഷണവിഭവങ്ങളിലും ഇതിന്റെ പരാമർശമുണ്ട്. ഭഗവാൻ ഗണപതിയുടെ ശിൽപങ്ങളിലും ചിത്രങ്ങളിലും പോലും ഈ മധുര ഉരുളകൾ കാണാൻ സാധിക്കുന്നത് ഇതിന്റെ പാരമ്പര്യം വിളിച്ചോതുന്നു.

ഈ മധുര പലഹാരത്തിന് പിന്നിൽ രസകരമായ മറ്റൊരു ചരിത്രം കൂടിയുണ്ട്. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ലഡുവിന്റെ ആദ്യരൂപങ്ങൾ നിർമിക്കപ്പെട്ടത് ഔഷധ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു! ബി.സി നാലാം നൂറ്റാണ്ടിൽ ഭാരതീയ ശസ്ത്രക്രിയയുടെ പിതാവായ സുശ്രുതനാണ് ശസ്ത്രക്രിയക്ക് വിധേയരാകുന്ന രോഗികൾക്ക് ആന്റിസെപ്റ്റിക് ഗുണങ്ങൾക്കായി ഇത്തരം പലഹാരങ്ങൾ നൽകിത്തുടങ്ങിയത്. അന്ന് എള്ളും ശർക്കരയും നിലക്കടലയും ചേർന്നുള്ള ആ പഴയ ലഡുക്കൾ വലിയ പോഷകഗുണമുള്ളതായിരുന്നു.

കാലക്രമേണ ഔഷധക്കൂട്ടുകളിൽ നിന്ന് ലഡു നമ്മുടെ ഉത്സവങ്ങളുടെയും സന്തോഷങ്ങളുടെയും പ്രതീകമായി മാറി. പാചകത്തിൽ പഞ്ചസാരയുടെ കടന്നുവരവോടെ ലഡുവിന്റെ രുചി പൂർണമായി മാറി. ആളുകളെ കൂടുതൽ ആകർഷിക്കാൻ പാചകക്കാർ ധാരാളമായി പഞ്ചസാര ചേർക്കാൻ തുടങ്ങിയതോടെ പരമ്പരാഗത ബോണ്ടി ലഡുവിൽ നിന്നും ഇന്നത്തെ മോത്തിചൂർ ലഡു രൂപപ്പെടുകയായിരുന്നു. ദീർഘദൂര യാത്രകളിൽ കൈവശം വെക്കാൻ എളുപ്പമുള്ളതുകൊണ്ടും എളുപ്പത്തിൽ കേടുകൂടില്ലാത്തതുകൊണ്ടും യാത്രക്കാർക്കിടയിലും ഇവ വളരെ പ്രശസ്തമായി മാറി.

Tags:    
News Summary - Motichoor Ladu The sweet history of Indias favourite dessert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.